കറാച്ചി: കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ചുള്ള മുന്‍ പാകിസ്താന്‍ മിലിട്ടറി ഡയറക്ടര്‍ ജനറല്‍ പര്‍വേസ് മുഷറഫിന്റെ പ്രസ്താവന വിവാദമായി. കാര്‍ഗിലില്‍ പാകിസ്താന്‍ ഇന്ത്യയുടെ കഴുത്തിന് പിടിച്ചെന്നും അതുകൊണ്ട് തന്നെ ആ യുദ്ധം ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാനാവില്ലെന്നുമായിരുന്നു മുഷറഫ് പറഞ്ഞിരുന്നത്. മുഷറഫിന്റെ പാര്‍ട്ടിയായ ഓള്‍ പാകിസ്താന്‍ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു വിവാദപരാമര്‍ശം.
പാകിസ്താന്റെ രണ്ടാം നിരക്കാരാണ് ഇന്ത്യയുടെ കഴുത്തിന് പിടിച്ചതെന്നും ഇവര്‍ക്ക് പിന്നീടാണ് സൈനികരുടെ പദവി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. നാല് വശങ്ങളില്‍ നിന്നായാണ് ഞങ്ങള്‍ കാര്‍ഗിലിലേക്ക് പ്രവേശിച്ചിരുന്നതെന്നും ഇന്ത്യ അത് അറിഞ്ഞിരിന്നില്ലെന്നും മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പറഞ്ഞു. 1971 ല്‍ ആയിരുന്നു കാര്‍ഗില്‍ യുദ്ധം നടന്നിരുന്നത്. മുഷറഫിന്റെ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നിരിക്കുന്നത്.
ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.ഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. കാര്‍ഗില്‍ യുദ്ധത്തില്‍ എന്താണു സംഭവിച്ചതെന്നും എങ്ങനെയാണ് പാക് സൈന്യത്തെ പരാജയപ്പെടുത്തിയതെന്നും ലോകത്തിനുമുഴുവനറിയാമെന്നായിരുന്നു പ്രസ്താവനയോടുള്ള ബി.ജെ.പിയുടെ പ്രതികരണം.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമംനടക്കുമ്പോള്‍ ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്ന് സി.പി.ഐ. നേതാവ് ഡി. രാജ വ്യക്തമാക്കി. മുഷറഫിന്റെ പരാമര്‍ശം ഉചിതമായില്ലെന്നും അദ്ദേഹത്തിന്റെയും പാകിസ്താന്റെയും വിലയിടിക്കാന്‍ മാത്രമേ ഇതുപകരിക്കുകയുള്ളൂവെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്വി അഭിപ്രായപ്പെട്ടു.