നാണക്കേട് മാറാതെ പാകിസ്ഥാന്‍; ബംഗ്ലാദേശിനെതിരെ വീണ്ടും തിരിച്ചടി
Sports News
നാണക്കേട് മാറാതെ പാകിസ്ഥാന്‍; ബംഗ്ലാദേശിനെതിരെ വീണ്ടും തിരിച്ചടി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd September 2024, 5:20 pm

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റ് റാവല്‍പിണ്ടിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 274 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. എന്നാല്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 262 റണ്‍സ് നേടിയാണ് സെക്ഷന്‍ അവസാനിപ്പിച്ചത്.

ബംഗ്ലാദേശ് 26 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലായിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ലിട്ടണ്‍ ദാസിന്റെ മിന്നും പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 228 പന്തില്‍ 138 റണ്‍സ് നേടിയാണ് താരം ടീമിന്റെ എത്തിച്ചത്. പക്ഷെ രണ്ടാം ഇന്നിങ്‌സില്‍ കാര്യങ്ങളെല്ലാം മാറിമറിയുകയായിരുന്നു.

172 റണ്‍സിനാണ് പാകിസ്ഥാനെ ബംഗ്ലാ കടുവകള്‍ തകര്‍ത്തെറിഞ്ഞത്. ഇതോടെ 185 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ബംഗ്ലാദേശിന് രണ്ടാം ഇന്നിങ്‌സില്‍ മുന്നിലുള്ളത്. ആദ്യ ടെസ്റ്റിലും രണ്ടാം ടെസ്റ്റിലും ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ മോശം പ്രകടനമാണ് കാഴ്ചവെച്ച്ത്.

ഇതോടെ ഒരു മോശം റെക്കോഡും ടീമിനെ തേടിയെത്തിയിരിക്കുകയാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം ഇന്നിങ്‌സില്‍ ഏറ്റവും മോശം ബാറ്റിങ് ആവറേജുള്ള ടീമാകാനാണ് പാകിസ്ഥാന് സാധിച്ചത്.

പാകിസ്ഥാന്‍ – 15.92

വെസ്റ്റ് ഇന്‍ഡീസ് – 18.36

സിംബാബ്‌വെ – 19.70

സൗത്ത് ആഫ്രിക്ക – 25.04

നിലവില്‍ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുമ്പോള്‍ 42 റണ്‍സാണ് ടീം നേടിയത്. 31 റണ്‍സ് നേടി സാക്കിര്‍ ഹസനും ഒമ്പത് റണ്‍സ് നേടി ഷദ്മാന്‍ ഇസ്‌ലാമുമാണ് ക്രീസില്‍. ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് വേണ്ടി ലിട്ടണ്‍ ദാസിന് പുറമെ മെഹ്ദി ഹസന്‍ 12 ബൗണ്ടറിയും ഒു ഫോറും ഉള്‍പ്പെടെ 78 റണ്‍സ് നേടി.

Content Highlight: Pakistan In Unwanted Record Achievement