ചണ്ഡീഗഢ്: കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ മാത്രമല്ല തങ്ങളേയും പാകിസ്ഥാന്‍ അപമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി പാക് തടവില്‍ കഴിയവേ കൊല്ലപ്പെട്ട സരബ്ജിത്ത് സിംഗിന്റെ സഹോദരി ദല്‍ബിര്‍ കൗര്‍. 2008 ലാണ് സരബ്ജിത്ത സിംഗിനെ കാണാന്‍ കുടുംബം ലാഹോറിലെത്തിയത്. ആ സമയത്തായിരുന്നു പാകിസ്ഥാന്റെ ഹീനമായ നടപടിയെന്നു ദല്‍ബീര്‍ കൗര്‍ പറയുന്നു.
“18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു സരബ്ജിത്തിനെ കാണാന്‍ ഞങ്ങള്‍ പാകിസ്ഥാനിലേക്ക് പോയത്. സരബ്ജീത്തിന്റെ ഭാര്യ സുഖ്പ്രീത് കൗറും മക്കളായ സ്വപന്‍ദീപും പൂനവും ഉണ്ടായിരുന്നു. ഒരു വനിതാ പൊലീസുകാരി തൂവാലയെടുത്ത് സുഖ്പ്രീതിന്റെ നെറ്റിയിലെ സിന്ദൂരം മായ്ച്ചു കളഞ്ഞു. ഞങ്ങളുടെ തലമുടിയിലെ പിന്നുകളും ബ്രേസ്‌ലെറ്റുകളും വരെ അവരഴിപ്പിച്ചു. കയ്യില്‍ കരുതിയിരുന്ന സിഖ് മത വിശ്വാസികളുടെ കിര്‍പാണിനോടും അവര്‍ മോശമായി പെരുമാറി.”
പാകിസ്ഥാനില്‍ വച്ച് ലാഹോര്‍ ഗുരുദ്വാരയില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് പാക് ഉദ്യോഗസ്ഥരോടും പറഞ്ഞു. എന്നാല്‍ പാസ്‌പോര്‍ട്ട് കാണാനില്ലെന്ന് പറഞ്ഞു മടക്കയാത്ര പാകിസ്ഥാന്‍ വൈകിപ്പിക്കുകയാണുണ്ടായതെന്നും ദല്‍ബീര്‍ പറഞ്ഞു.
2011 ലും കുടുംബം പാകിസ്ഥാനിലെത്തി സരബ്ജിത്തിനെ കണ്ടിരുന്നു. ആ സമയത്തും ഉദ്യോഗസ്ഥരുടെ പെരുമാറ്റം സമാനമായിരുന്നെന്നും ദല്‍ബീര്‍ കൂട്ടിച്ചേര്‍ത്തു.
പാക് ജയിലില്‍ വച്ച് ക്രൂരമര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് 2013 ല്‍ കുടുംബം വീണ്ടും സരബ്ജിത്തിനെ സന്ദര്‍ശിച്ചിരുന്നു. കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സരബ്ജിത്ത് സിങ് മരിക്കുകയും ചെയ്തു. 1991ല്‍ ചാരവൃത്തി ആരോപിച്ചാണ് പാക് കോടതി സരബ്ജിത്തിനെ വധശിക്ഷയ്ക്ക് വിധിച്ചത്.
കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ അപമാനിച്ചതില്‍ പാര്‍ലമെന്റ് ഒന്നടങ്കം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സന്ദര്‍ശനത്തിനുശേഷം പുറത്തുവന്ന കുടുംബത്തോട് മാധ്യമപ്രവര്‍ത്തകര്‍ ബാലിശമായ ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു ചെയ്തത്.