ക്രിക്കറ്റ് മത്സരങ്ങള്‍ പുനസ്ഥാപിക്കാമെന്ന പ്രതീക്ഷയില്‍ പാക്കിസ്ഥാന്‍: നയതന്ത്ര ചര്‍ച്ചകള്‍ അടുത്തയാഴ്ച്ച
Daily News
ക്രിക്കറ്റ് മത്സരങ്ങള്‍ പുനസ്ഥാപിക്കാമെന്ന പ്രതീക്ഷയില്‍ പാക്കിസ്ഥാന്‍: നയതന്ത്ര ചര്‍ച്ചകള്‍ അടുത്തയാഴ്ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th August 2015, 7:53 am

Shehryar-khan-1ലോഹോര്‍: അടുത്തയാഴ്ച്ച നടക്കാനിരിക്കുന്ന നയതന്ത്ര ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ പുനസ്ഥാപിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാക്കിസ്ഥാന്‍. ആഗസ്റ്റ് 23,24 തീയ്യതികളിലാണ് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ- ദേശീയ സുരക്ഷ അഡൈ്വസര്‍ സര്‍ത്താജ് അസിസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ത്യയിലെത്തുക.

യു.എ.ഇയില്‍ വെച്ച് ടെസ്റ്റ് സീരീസ് നടത്തണമെന്ന പാക്കിസ്ഥാന്‍ ഏറെ നാളുകളായി മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശത്തിന് ഇന്ത്യ അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാന്‍. എന്നാല്‍ കഴിഞ്ഞ മാസം ഗുര്‍ദാസ് പൂരിലുണ്ടായ തീവ്രവാദി ആക്രമണവും അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വെടി നിര്‍ത്തല്‍ ലംഘനങ്ങളും ഇന്ത്യയെ ക്രിക്കറ്റ് പരമ്പരയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനാണ് സാധ്യത.

എന്നാല്‍ നയതന്ത്ര ചര്‍ച്ചകള്‍ സഹായകമാകുമെന്ന പ്രതീക്ഷയുണ്ടെന്നും ക്രിക്കറ്റില്‍ ഇന്ത്യ രാഷ്ട്രീയം കാണുകയാണെന്നും എന്നാല്‍ ക്രിക്കറ്റും രാഷ്ട്രീയവും രണ്ടായി കാണണമെന്ന നിലപാടാണ് തങ്ങള്‍ക്കെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷെഹര്യാര്‍ഘാന്‍. പറഞ്ഞു.

2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് പരമ്പരകള്‍ ഇന്ത്യ നിര്‍ത്തിവെച്ചത്. പാകിസ്ഥാനില്‍ നിന്നെത്തിയ ഭീകരരായിരുന്നു മുംബൈ ആക്രമണത്തിന് പിന്നില്‍.