| Tuesday, 7th January 2025, 4:21 pm

ഇന്ത്യയും ഇന്ത്യയെ നാണംകെടുത്തിയവരും രണ്ടാമത്, ഒന്നാം സ്ഥാനത്ത് പാകിസ്ഥാന്‍; ആര്‍ക്കും വേണ്ടാത്ത റെക്കോഡ് ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ട് വണ്‍ ഓഫ് ടെസ്റ്റുകളിലും പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ മറ്റൊരു വൈറ്റ് വാഷ് പരാജയം കൂടി ഏറ്റുവാങ്ങിയത്. സെഞ്ചൂറിയനില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റിന് പരാജയപ്പെട്ട പച്ചപ്പട ന്യൂലാന്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പത്ത് വിക്കറ്റിന്റെ ഗംഭീര പരാജയമാണ് ഏറ്റുവാങ്ങിയത്.

ആദ്യ ഇന്നിങ്‌സില്‍ ഫോളോ ഓണ്‍ വഴങ്ങിയ പാകിസ്ഥാന്‍ ഉയര്‍ത്തിയ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ തെംബ ബാവുമയും സംഘവും മറികടക്കുകയായിരുന്നു.

സ്‌കോര്‍

സൗത്ത് ആഫ്രിക്ക: 615 & 61/0 (T: 58)

പാകിസ്ഥാന്‍: 194 & 478 (f/o)

ഇരട്ട സെഞ്ച്വറിയുമായി സൗത്ത് ആഫ്രിക്കയുടെ ടോട്ടലില്‍ നിര്‍ണായകമായ റിയാന്‍ റിക്കല്‍ടണ്‍ കളിയിലെ താരമായപ്പോള്‍ രണ്ട് മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത മാര്‍കോ യാന്‍സെന്‍ പരമ്പരയുടെ താരവുമായി.

ഈ പരാജയത്തിന് പിന്നാലെ ഒരു മോശം നേട്ടത്തില്‍ പാകിസ്ഥാന്‍ ഒന്നാം സ്ഥാനത്ത് ഇരിപ്പ് തുടരുകയാണ്. ഏറ്റവുമധികം ടെസ്റ്റ് പരമ്പരകള്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ട് പരാജയപ്പെട്ടതിന്റെ മോശം റെക്കോഡാണ് പാകിസ്ഥാന്റെ പേരിലുള്ളത്.

ഇതുവരെ 11 പരമ്പരയിലാണ് പാകിസ്ഥാന്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെ പരാജയപ്പെട്ടത്.

ബാബർ അസം

ഇതേ വര്‍ഷം ബംഗ്ലാദേശിനോടും സ്വന്തം തട്ടകത്തില്‍ പാകിസ്ഥാന്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരുന്നു. രണ്ട് മത്സരങ്ങളുടെ പരമ്പര 2-0നാണ് ബംഗ്ലാ കടുവകള്‍ വിജയിച്ചത്. ഇതാദ്യമായാണ് ബംഗ്ലാദേശ് പാകിസ്ഥാനെതിരെ ഒരു ടെസ്റ്റ് മത്സരമോ പരമ്പരയോ വിജയിക്കുന്നത്.

2023-24ല്‍ നടന്ന പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും പച്ചപ്പടയ്ക്ക് ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെ പരമ്പര അടിയറവ് വെക്കേണ്ടി വന്നിരുന്നു.

ഒമ്പത് വൈറ്റ് വാഷ് പരാജയങ്ങളുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലാണ് ഇന്ത്യയ്ക്ക് ഏറ്റവുമൊടുവില്‍ നാണംകെട്ട പരാജയമേറ്റുവാങ്ങേണ്ടി വന്നത്.

ഇന്ത്യയെ പരാജയപ്പെടുത്തിയ ന്യൂസിലാന്‍ഡ് ട്രോഫിയുമായി

മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0നാണ് ന്യൂസിലാന്‍ഡ് വിജയിച്ചത്. 12 വര്‍ഷത്തില്‍ ഇതാദ്യമായാണ് ഇന്ത്യ ഒരു ഹോം ടെസ്റ്റ് പരമ്പര പരാജയപ്പെടുന്നത്. ആ പരാജയമാകട്ടെ ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പരാജയവുമായി.

2011ലാണ് ഇന്ത്യ ഇതിന് മുമ്പ് ഒരു പരമ്പരയിലെ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെ പരാജയപ്പെട്ടത്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഹോം ടീമായ ഓസ്‌ട്രേലിയ 4-0നാണ് ഇന്ത്യയെ തകര്‍ത്തുവിട്ടത്.

ഒമ്പത് ക്ലീന്‍ സ്വീപ് പരാജയങ്ങളുമായി ന്യൂസിലാന്‍ഡും ഇന്ത്യയ്‌ക്കൊപ്പം രണ്ടാം സ്ഥാനത്തുണ്ട്. എട്ട് വീതം പരാജയങ്ങളുമായി ഇംഗ്ലണ്ടും വിന്‍ഡീസുമാണ് മൂന്നാമത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം വൈറ്റ് വാഷ് പരാജയങ്ങള്‍ നേരിടേണ്ടി വന്ന ടീമുകള്‍

(ടീം – തോല്‍വി എന്നീ ക്രമത്തില്‍)

പാകിസ്ഥാന്‍ – 11*

ഇന്ത്യ – 9

ന്യൂസിലാന്‍ഡ് – 9

വെസ്റ്റ് ഇന്‍ഡീസ് – 9

ഇംഗ്ലണ്ട് – 8

ശ്രീലങ്ക – 7

സൗത്ത് ആഫ്രിക്ക – 6

ഓസ്‌ട്രേലിയ – 5

Content highlight: Pakistan holds the unwanted record for the most whitewash defeats in Test cricket.

We use cookies to give you the best possible experience. Learn more