കറാച്ചി: സാമ്പത്തിക-ഭക്ഷ്യ പ്രതിസന്ധിക്കിടെ പാകിസ്ഥാനിലെ ഇന്ധനവില കുത്തനെ വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 35 രൂപ വീതമാണ് ഉയര്‍ത്തിയത്.
ഇതോടെ പെട്രോള്‍ ലിറ്ററിന് 249.80 രൂപയും ഡീസലിന് 262.80 രൂപയുമായി. പാക് ധനമന്ത്രി ഇസ്ഹാഖ് ദര്‍ ആണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ വില ഞായറാഴ്ച മുതല്‍ നിലവില്‍ വന്നു.
ഓയില്‍ ആന്‍ഡ് ഗ്യാസ് അധികൃതരുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചതെന്ന് പാകിസ്ഥാന്‍ ധനമന്ത്രി ഇസ്ഹാഖ് ദര്‍ പറഞ്ഞു. ഒക്ടോബര്‍ മുതല്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മണ്ണെണ്ണയുടെയും ലൈറ്റ് ഡീസല്‍ ഓയിലിന്റെയും വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് 18 രൂപയാണ് വര്‍ധിപ്പിച്ചത്.
ഇതോടെ മണ്ണെണ്ണക്ക് 189.83 രൂപയും ലൈറ്റ് ഡീസല്‍ ഓയിലിന് 187 രൂപയുമാണ് പുതിയ വില. കഴിഞ്ഞ വര്‍ഷം ഇന്ധന വില 61 ശതമാനമാണ് വര്‍ധിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ധനമന്ത്രി ഇസ്ഹാക് ദറിന്റെ പ്രഖ്യാപനത്തിന് മുന്നോടിയായി, പെട്രോള്‍ വില വന്‍തോതില്‍ വര്‍ധിപ്പിക്കുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്രോള്‍ പമ്പുകളില്‍ നീണ്ട ക്യൂവാണുണ്ടായത്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പാകിസ്ഥാന്‍ ഇസ്ഹാഖ് ദര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പാകിസ്ഥാന്‍ മാത്രമാണ് ഇസ്ലാമിന്റെ പേരില്‍ ലോകത്തുണ്ടായ ഒരേയൊരു രാജ്യമെന്നും അതിനാല്‍ ആ രാജ്യത്തെ രക്ഷിക്കേണ്ട ഉത്തരവാദിത്തം അള്ളാഹുവിനാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍ ഇസ്ലാമിന്റെ പേരില്‍ സൃഷ്ടിക്കപ്പെട്ടതിനാല്‍ അത് പുരോഗമിക്കുമെന്ന് തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമാബാദില്‍ ഗ്രീന്‍ ലൈന്‍ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ദര്‍.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാന്റെ അവസ്ഥ മെച്ചപ്പെടുത്താന്‍ പരമാവധി ശ്രിമിക്കുന്നുണ്ട്. മുന്‍ സര്‍ക്കാരില്‍ നിന്നുള്ള പ്രശ്നങ്ങളാണ് നിലവില്‍ രാജ്യത്തിന്റെ സ്ഥിതി വഷളാക്കിയതെന്നും ഇസ്ഹാഖ് ദര്‍ ആരോപിച്ചു.
അതിനിടെ, സാമ്പത്തിക ഭക്ഷ്യ പ്രതിസന്ധിയില്‍ നേരിടുന്ന പാക്കിസ്ഥാനില്‍ ഇന്ധനം, അരി, മറ്റ് ഭക്ഷ്യധാന്യങ്ങള്‍, പഞ്ചസാര തുടങ്ങിയവക്കും വില കുത്തനെ കൂടിയിരിക്കുകയാണ്.
ചില പച്ചക്കറികള്‍ക്ക് 500 ശതമാനം വരെ വില കയറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരി ആറിന് കിലോയ്ക്ക് 36.7 രൂപയായിരുന്ന സവാളക്ക് ഈ ജനുവരിയോടെ 220.4 രൂപയായി. രാജ്യത്ത് ചിലയിടങ്ങളില്‍ ഒരു കിലോ ധാന്യപ്പൊടിക്ക് 3,000 രൂപ വരെയാണ് വില.
2022ല്‍ വിലക്കയറ്റം 25 ശതമാനം വരെ വര്‍ധിച്ചെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോളറിനെതിരെ പാകിസ്ഥാന്‍ രൂപയും കൂപ്പുകുത്തിയിരിക്കുകയാണ്. ഒരു യു.എസ് ഡോളര്‍ ലഭിക്കണമെങ്കില്‍ 255.43 പാക്കിസ്ഥാനി രൂപ നല്‍കണം.