പുല്‍വാമ ഭീകരാക്രമണം; മേഖലയിലുണ്ടായ പ്രതിസന്ധികള്‍ക്ക് ഇന്ത്യ മറുപടി പറയണം; സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പാകിസ്ഥാന്‍
World News
പുല്‍വാമ ഭീകരാക്രമണം; മേഖലയിലുണ്ടായ പ്രതിസന്ധികള്‍ക്ക് ഇന്ത്യ മറുപടി പറയണം; സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പാകിസ്ഥാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th April 2023, 8:07 pm

ഇസ്‌ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തില്‍ ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ ഇന്ത്യക്കെതിരെ ആരോപണവുമായി പാകിസ്ഥാന്‍ രംഗത്ത്.

പുല്‍വാമ അറ്റാക്കില്‍ പാകിസ്ഥാന്‍ നിലപാടിനെ സാധൂകരിക്കുന്ന പ്രസ്താവനയാണ് സത്യപാല്‍ മാലിക് നടത്തിയതെന്ന് പാകിസ്ഥാന്‍ ആരോപിച്ചു. ഭീകരാക്രമണത്തെ ഇന്ത്യ മനപൂര്‍വ്വം പാകിസ്ഥാന്റെ തലയിലിടാനുള്ള ശ്രമമാണ് നടത്തിയതെന്നും രാഷ്ട്രീയ നേട്ടത്തിനായി ഭീകരാക്രമണത്തെ ഉപയോഗിച്ചെന്നുമാണ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ജിയോ ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സത്യപാലിന്റെ വെളിപ്പെടുത്തലിനെ നയതന്ത്രപരമായി നേരിടാനാണ് പാകിസ്ഥാന്‍ തീരുമാനമെന്നും വിദേശകാര്യാലയം പ്രസ്താവനയില്‍ പറഞ്ഞു.

‘സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗവരത്തോടെയാണ് പാകിസ്ഥാന്‍ കാണുന്നത്. പുല്‍വാമ ഭീകരവാദ ആക്രമണത്തെ ഇന്ത്യയിലെ ഹിന്ദുത്വ സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയും പാകിസ്ഥാന്റെ മേല്‍ കെട്ടിവെക്കുകയും ചെയ്തു.

സംഭവത്തിന് ശേഷം ഇരു രാജ്യങ്ങള്‍ക്കിടയിലും ഉണ്ടായി വന്ന ക്രമസമാധാന പ്രതിസന്ധിക്ക് ഇന്ത്യയാണ് ഉത്തരവാദികള്‍. വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടാനാണ് പാകിസ്ഥാന്റെ തീരുമാനം,’ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക് 2019ലെ പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയതായി തുറന്ന് പറഞ്ഞത്.

സര്‍ക്കാരിന്റെ ഭരണ പരാജയം മറച്ചുവെക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്ന അജിത് ഡോവലും ചേര്‍ന്ന് തന്നോട് ആവശ്യപ്പെട്ടെന്നും മാലിക് വെളിപ്പെടുത്തിയിരുന്നു.

പുല്‍വാമയില്‍ സൈനികരെ കൊണ്ടുപോകാനായി സി.ആര്‍.പി.എഫ് എയര്‍ക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ദി വയറിന് നല്‍കിയ അഭുമുഖത്തിലായിരുന്നു സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തല്‍.

‘അറ്റാക്കിന് ശേഷം കുറ്റം പാകിസ്ഥാന്റെ മേല്‍ കെട്ടിവെക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. അപകടത്തെ തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമിച്ചത്. അതിലവര്‍ വിജയിച്ചു.

എന്നോട് അപകടത്തില്‍ സംഭവിച്ച വീഴ്ച മറച്ചുവെക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു,’ സത്യപാല്‍ മാലിക് പറഞ്ഞതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പാകിസ്ഥാന്റെ ആരോപണത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല.

Content Highlight: Pakistan high commission  against india about pulwama attack