ജൂണ്‍ 6 ന് യു.എസ്.എയ്‌ക്കെതിരായ ആദ്യ മത്സരത്തിന് ഒരുങ്ങുകയാണ് പാകിസ്ഥാന്‍. എന്നാല്‍ ഐ.സി.സി ടി-20 ലോകകപ്പ് 2024ലെ ആദ്യ മത്സരത്തിന് മുമ്പേ പാകിസ്ഥാന് വലിയ തിരിച്ചടി സംഭവിച്ചിരിക്കുന്നത്.
പാകിസ്ഥാന്റെ ഇടംകൈയ്യന്‍ സ്പിന്നര്‍ ഇമാദ് വാസിമിന് സൈഡ് സ്‌ട്രെയിന്‍ കാരണം ആദ്യ മത്സരം നഷ്ടമാകുമെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച നടക്കാനുള്ള മത്സരത്തിന് മുന്നോടിയായി നടന്ന സെലഷന്‍ ട്രയലില്‍ നിന്ന് പി.സി.ബി. മെഡിക്കല്‍ ടീം അദ്ദേഹത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു.
കഴിഞ്ഞ മാസം ലണ്ടനില്‍ ഇംഗ്ലണ്ടിനെതിരായ പാക്കിസ്ഥാന്റെ അവസാന ടി-20ഐക്ക് മുന്നോടിയായി നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഇമാദ് വസീമിന് വലതു വാരിയെല്ലില്‍ വേദന അനുഭവപ്പെട്ടിരുന്നു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, മെയ് 30 ന് ഇമാദ് മത്സരത്തില്‍ നിന്ന് വിട്ടുനിന്നു.
ലെഗ് സ്പിന്നര്‍ ഷദബ് ഖാനും ഓഫ് സ്പിന്നര്‍ അബ്രാര്‍ അഹമ്മദും അടങ്ങുന്നതാണ് പാകിസ്ഥാന്റെ സ്പിന്‍ ബൗളിങ്. ബൗളര്‍മാരെ കൂടുതല്‍ തുണക്കുന്ന പിച്ചില്‍ താരത്തിന്റെ വിടവ് തിരിച്ചടിയാണെന്നാണ് പാക് ബോര്‍ഡ് പറയുന്നത്. എന്നാല്‍ 2009ല്‍ ടി-20 ലോകകപ്പ് നേടിയ പാകിസ്ഥാന്‍ ടീമിലെ അംഗമായ വെറ്ററന്‍ പേസര്‍ മുഹമ്മദ് ആമിര്‍ വിരമിക്കല്‍ തീരുമാനം മാറ്റി ഇപ്പോള്‍ ടി-20 ലോകകപ്പിനുള്ള ടീമിലുണ്ട്.
അതേസമയം ഇന്ത്യ ഇന്ന് ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്ന് ഇറങ്ങുകയാണ്. ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ മത്സരം അരങ്ങേറുന്നത്. മത്സരത്തില്‍ വിജയം ലക്ഷ്യമിട്ടാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഇറങ്ങുന്നത്.