ബലൂചിസ്ഥാനിൽ തോക്കുധാരികളായ ആക്രമികൾ 22 പേരെ വെടിവെച്ച് കൊന്നു
World News
ബലൂചിസ്ഥാനിൽ തോക്കുധാരികളായ ആക്രമികൾ 22 പേരെ വെടിവെച്ച് കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th August 2024, 1:13 pm

ബലൂചിസ്ഥാൻ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ തോക്കുധാരികൾ 22 പേരെ വെടിവെച്ച് കൊന്നതായി റിപ്പോർട്ട്. ബലൂചിസ്ഥാനിലെ ഹൈവേയിൽ രാത്രിയിലാണ് സംഭവം നടന്നത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ മുസാഖൈൽ ജില്ലയിലാണ് ആക്രമണം ഉണ്ടായതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.

തോക്കുധാരികളായ അക്രമികൾ വാഹനങ്ങൾ തടയുകയും യാത്രക്കാരെ ബലമായി പുറത്തേക്ക് ഇറക്കുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകി. പുറത്തേക്കിറക്കിയ യാത്രക്കാരോട് അവരുടെ ഐഡന്റിറ്റി ചോദിക്കുകയും പഞ്ചാബിൽ (പാക്കിസ്ഥാൻ) നിന്നുള്ളവരെ വെടിവെച്ച് കൊല്ലുകയുമായിരുന്നു. 40നും 30നും ഇടയിൽ അക്രമികൾ ഉണ്ടായിരുന്നതായായി ദൃക്‌സാക്ഷികൾ പറഞ്ഞു.

ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ) ഏറ്റെടുത്തിട്ടുണ്ട്. ‘വംശീയതയുടെ അടിസ്ഥാനത്തിൽ വ്യക്തികളെ ലക്ഷ്യമിട്ട് തീവ്രവാദികൾ നിരവധി ബസുകളും ട്രക്കുകളും വാനുകളും തടയുകയായിരുന്നു. പഞ്ചാബിൽ നിന്ന് ബലൂചിസ്ഥാനിലേക്ക് പോവുകയായിരുന്ന വാഹനങ്ങളെയാണ് അക്രമികൾ പ്രത്യേകമായി ലക്ഷ്യം വെച്ചത്. 10 വാഹനങ്ങളും ഇവർ കത്തിച്ചു,’ മുസാഖൈലിലെ മുതിർന്ന ഉദ്യോഗസ്ഥൻ നജീബുള്ള കാക്കർ മാധ്യമങ്ങളോട് പറഞ്ഞു.

ആളുകൾ സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്തി സംഭവത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. ബലൂചിസ്ഥാൻ സർക്കാർ ഭീകരരെ പിന്തുടരുമെന്നും അവർക്ക് തക്കതായ ശിക്ഷ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബലൂചിസ്ഥാനിലെ വിഘടനവാദികൾ പലപ്പോഴും രാജ്യത്തിൻ്റെ കിഴക്കൻ പഞ്ചാബ് മേഖലയിൽ നിന്നുള്ള തൊഴിലാളികളെയും മറ്റുള്ളവരെയും കൊലപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബിൽ നിന്നുള്ളവർ ബലൂചിസ്ഥാൻ പ്രവിശ്യ വിട്ട് പോകണം എന്നതായിരുന്നു അവരുടെ ആവശ്യം.

ഏപ്രിലിൽ സമാനമായ ആക്രമണത്തിൽ 11 പഞ്ചാബി തൊഴിലാളികളെ ബലൂച് ലിബറേഷൻ ആർമി ബലൂചിസ്ഥാനിലെ നൗഷ്കി നഗരത്തിൽ നിന്ന് ബസിൽ യാത്ര ചെയ്യവേ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.

 

 

Content Highlight: Pakistan: Gunmen kill 23 after forcing them out of vehicles in Balochistan