ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടിയെ നിരോധിക്കുമെന്ന് പാക്ക് സര്‍ക്കാര്‍. പാക്കിസ്ഥാന്റെ വാര്‍ത്താ വിതരണ മന്ത്രി അത്താവുള്ള തരാര്‍ തിങ്കളാഴ്ചയാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇംറാന്‍ ഖാന്റെ പാര്‍ട്ടി രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കാട്ടിയാണ് നിരോധിക്കുന്നതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. പാര്‍ട്ടി രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തിയതിന് വ്യക്തമായ തെളിവുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.
വിദേശ ഫണ്ടിങ് കേസ്, മെയ് ഒമ്പതിലെ കലാപം, യു.എസില്‍ പാസാക്കിയ പ്രമേയം എന്നിവ കണക്കിലെടുക്കുമ്പോള്‍ ഇംറാന്‍ ഖാന്റെ പാര്‍ട്ടിയെ നിരോധിക്കുന്നതിന് വിശ്വസിനീയമായ തെളിവുകള്‍ ഉണ്ടെന്ന് മന്ത്രി പറഞ്ഞു.
പാര്‍ട്ടിയെ നിരോധിക്കാനും പാര്‍ട്ടി സ്ഥാപകനും മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റുമായിരുന്ന ആരിഫ് അല്‍വിക്കെതിരെ രാജ്യദ്രോഹത്തിന് ആര്‍ട്ടിക്കിള്‍ 6 പ്രകാരം കേസെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യം മുന്നോട്ട് പോകണമെങ്കില്‍ പി.ടി.ഐയുടെ അസ്തിത്വം കൊണ്ട് അതിന് കഴിയില്ലെന്നും തരാര്‍ പറഞ്ഞു.
വിവിധ കേസുകളില്‍ വിചാരണ നേരിടുന്ന ഇംറാന്‍ ഖാന്‍ നിലവില്‍ റാവല്‍പിണ്ടി ജയിലില്‍ തടവിലാണ്.
1996ലാണ് ഇംറാന്‍ ഖാന്‍ തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി രൂപീകരിക്കുന്നത്. 2023വരെ ഇംറാന്‍ ഖാന്‍ തന്നെ ആയിരുന്നു പാര്‍ട്ടി ചെയര്‍മാനായി തുടര്‍ന്നിരുന്നത്. വിവിധ കേസുകളില്‍ ജയിലില്‍ കഴിയുന്ന ഇംറാന്‍ ഖാന് കഴിഞ്ഞ ദിവസം വിവാഹ കേസില്‍ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ മറ്റുപല കേസുകളില്‍ വിചാരണ തുടരുന്നതിനാല്‍ അദ്ദേഹത്തിന് ജയില്‍ മോചനം സാധ്യമല്ല.
അതേസമയം, ഇംറാന്‍ ഖാന്റെ പാര്‍ട്ടിക്ക് ദേശീയ നിയമസഭയില്‍ 20ലധികം സംവരണ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് പാക്ക് സുപ്രീം കഴിഞ്ഞദിവസം വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇംറാന്‍ ഖാന്റെ പാര്‍ട്ടി നിരോധിക്കാനുള്ള അടിയന്തര നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നത്.
Content Highlight: Pakistan Government to ban ex-PM Imran Khan’s party PTI