ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ഫ്രഞ്ച് അംബാസിഡറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാക് നിരോധിത തീവ്ര വലത് സംഘടനയായ തെഹ്രീക്-ഇ-ലബ്ബെയ്ക് പാകിസ്ഥാന്‍ (ടി.എല്‍.പി) 10 ദിവസമായി നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പിലെത്തിയതായി റിപ്പോര്‍ട്ട്. അക്രമസംഭവങ്ങള്‍ക്കും നിരവധി പേരുടെ മരണത്തിനും ഇടയാക്കിയ പ്രതിഷേധത്തിന് ശേഷം ടി.എല്‍.പിയും പാക് സര്‍ക്കാരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയതായാണ് പുറത്തുവരുന്ന വാര്‍ത്ത.
പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും സംഘടനയുടെ മതനേതാവ് മുഫ്തി മുനീബുര്‍ റഹ്മാനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സംഘടനയുടെ അക്രമറാലികളും പ്രതിഷേധവും അവസാനിപ്പിക്കാന്‍ ധാരണയായത്. ഇസ്‌ലാമാബാദില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഒത്തുതീര്‍പ്പ് കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസിന്‍ ‘ചാര്‍ലി ഹെബ്‌ദൊ’യില്‍ പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതായിരുന്നു അക്രമ പ്രതിഷേധത്തിലേയ്ക്ക് സംഘടനയെ നയിച്ചത്. പാകിസ്ഥാനിലെ ഫ്രഞ്ച് അംബാസിഡറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ടി.എല്‍.പി പ്രതിഷേധമാരംഭിക്കുകയായിരുന്നു.
ഒക്ടോബര്‍ 22നായിരുന്നു ആയുധങ്ങളുമായി സംഘടന പ്രകടനമാരംഭിച്ചത്.
സമരത്തെത്തുടര്‍ന്ന് ടി.എല്‍.പി നേതാവ് സാദ് റിസ്‌വിയെ ഏപ്രിലില്‍ പാക് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ടി.എല്‍.പിയും പാക് പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പൊലീസുകാരടക്കം എട്ട് പേരാണ് മരിച്ചത്.
തുടര്‍ന്ന് റിസ്‌വിയെ വിട്ടയയ്ക്കാനും അംബാസിഡറെ പുറത്താക്കാനും ആവശ്യപ്പെട്ട് ടി.എല്‍.പി നടത്തിയ പ്രകടനം വ്യാപകമായ ആക്രമണത്തിലേക്കെത്തി. നേരത്തെ ഇവരുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിരസിച്ചിരുന്നു.
അക്രമസംഭവങ്ങളെത്തുടര്‍ന്ന്, പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിന് പ്രദേശത്ത് രണ്ട് മാസത്തേയ്ക്ക് പ്രത്യേകം സൈന്യത്തെ വിന്യസിക്കുമെന്ന് പാക് ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹ്മദ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ സര്‍ക്കാരും ടി.എല്‍.പിയും ഒത്തുതീര്‍പ്പിലെത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നത്.