2023ൽ ഇന്ത്യയിൽ വെച്ച് നടത്തപ്പെടുന്ന ലോകകപ്പിൽ കളിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് അനുമതി നൽകാതെ പാകിസ്ഥാൻ സർക്കാർ.
പാകിസ്ഥാനിൽ വെച്ച് സംഘടിപ്പിക്കപ്പെടുന്ന ഏഷ്യ കപ്പിൽ ഇന്ത്യൻ ടീം പങ്കെടുക്കുമോ എന്നതിനെപറ്റി അവസാന തീരുമാനം അറിഞ്ഞതിന് ശേഷം മാത്രം പാക്ക് ക്രിക്കറ്റ് ബോർഡിന് ഇന്ത്യയിൽ ലോകകപ്പ് കളിക്കുന്നതിനെ സംബന്ധിച്ച കാര്യത്തിൽ എന്തെങ്കിലും നിർദേശം നൽകിയാൽ മതിയെന്നാണ് പാക് സർക്കാരിന്റെ നിലപാട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പ്രമുഖ മാധ്യമ പ്രവർത്തകനായ സാജ് സാദിഖാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് പാകിസ്ഥാനിൽ ഈ വർഷം നടക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യൻ ടീമിനെ അയക്കുന്നതിന് ബി. സി.സി.ഐ അനുമതി നിഷേധിച്ചിരുന്നു.
എന്നാൽ ഇന്ത്യ ടൂർണമെന്റിൽ പങ്കെടുക്കാത്ത വിഷയം ഇപ്പോഴും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പരിഗണനയിലാണ്.
ഏതെങ്കിലുമൊരു ന്യൂട്രൽ വേദിയിൽ വെച്ച് ഇന്ത്യയുടെ മത്സരം നടത്തണമെന്നതായിരുന്നു ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്നതിന് ഇന്ത്യ മുന്നോട്ട് വെച്ച ഡിമാൻഡ്. എന്നാൽ ഇതിന് തങ്ങൾക്ക് താൽപര്യമില്ലെന്ന് പാക്ക് ക്രിക്കറ്റ് ബോർഡും അറിയിച്ചിരുന്നു.
ഇതോടെയാണ് ടൂർണമെന്റ് ബഹിഷ്കരിക്കാൻ ജയ് ഷാ സെക്രട്ടറിയായ ബി.സി.സി.ഐ തീരുമാനമെടുത്തത്. ഇതിന് പിന്നാലെ ഇന്ത്യയിൽ വെച്ച് നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്നില്ലെന്ന് പാകിസ്ഥാനും തീരുമാനിക്കുകയായിരുന്നു.
അതേസമയം ബോർഡർ ഗവാസ്ക്കർ ട്രോഫിയിലെ അവസാന മത്സരം സമനിലയിലേക്ക് നീങ്ങുകയാണ്. ബോളിങ് ദുഷ്കരമായ പിച്ചിൽ അവസാന ദിവസം ഓസീസ് ബാറ്റർമാരെ എറിഞ്ഞിട്ടാൽ മാത്രമേ ഇന്ത്യക്ക് മത്സരം വിജയിക്കാൻ സാധിക്കൂ.