ഇസ്‌ലാമാബാദ്: മൂന്നാം രാജ്യങ്ങളിലേക്ക് പോകുന്നതിന് വേണ്ടി ഔദ്യോഗിക രേഖകള്‍ക്കായി കാത്തിരിക്കുന്ന അഫ്ഗാനികള്‍ക്ക് രാജ്യത്ത് കഴിയാനുള്ള സമയം നീട്ടി നല്‍കി പാകിസ്ഥന്‍ സര്‍ക്കാര്‍. രണ്ട് മാസം കൂടിയാണ് സര്‍ക്കാര്‍ അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്ന സമയം. അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.
ഔദ്യോഗിക രേഖകള്‍ ഇല്ലാതെ രാജ്യത്ത് താമസിക്കുന്ന പത്തുലക്ഷത്തോളം അഫ്ഗാനികളെ പുറത്താക്കാനുള്ള നീക്കത്തിനിടെയാണ് സര്‍ക്കാര്‍ പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനം മുതല്‍ 2024 ഫെബ്രുവരി 29 വരെയാണ് സര്‍ക്കാര്‍ അഫ്ഗാനികള്‍ക്ക് സമയം നല്‍കിയിക്കുന്നത്. പുതിയ സമയക്രമത്തിനപ്പുറം രാജ്യത്ത് നില്‍ക്കുന്ന ആളുകള്‍ക്ക് പ്രതിമാസം 100 ഡോളര്‍ പിഴയടക്കേണ്ടി വരുമെന്ന് ഇടക്കാല ഇന്‍ഫര്‍മേഷന്‍ മന്ത്രിയായ മുര്‍താസ സൊളാംഗി പറഞ്ഞു.
സര്‍ക്കാരിന്റെ പുതിയ നയം പാകിസ്ഥാനില്‍ അനധികൃതമായി താമസിക്കുന്ന അഫ്ഗാനികള്‍ക്ക് നിയമപരമായ രേഖകള്‍ ലഭിക്കുക, മൂന്നാമതൊരു രാജ്യത്തേക്ക് അഫ്ഗാനികളെ മാറ്റുന്നത് സംബന്ധിച്ച കരാറുകള്‍ പൂര്‍ത്തിയാക്കല്‍ എന്നിവയെ ലക്ഷ്യം വെക്കുന്നുവെന്നും സൊളാംഗി കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 10 ലക്ഷത്തിലധികം അഫ്ഗാന്‍ പൗരന്മാര്‍ രേഖകളില്ലാതെ രാജ്യത്ത് വര്‍ഷങ്ങളായി താമസിക്കുന്നുണ്ടെന്ന് കണക്കാക്കുന്നു. ഭൂരിഭാഗവും 1979ലെ സോവിയറ്റ് അധിനിവേശത്തിന് ശേഷം കുടിയേറിയവരാണെന്ന് കരുതപ്പെടുന്നു.
ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സി (യു.എന്‍.എച്ച്.സി.ആര്‍) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് നിന്ന് അഫ്ഗാനികളെ നാടുകടത്താനായി പാകിസ്ഥാന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിനുശേഷം, 450,000ത്തിലധികം ആളുകള്‍ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങി പോയതായി സൂചിപ്പിക്കുന്നു. 90 ശതമാനവും അഫ്ഗാനികള്‍ സ്വമേധയാ തീരുമാനമെടുത്ത് നാടുവിട്ടുവെന്ന് പാകിസ്ഥാന്‍ വാദിക്കുന്നു. എന്നാല്‍ പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നിയമനടപടികളോടുള്ള ഭയമാണ് ഈ തീരുമാനത്തിന്റെ പ്രാഥമിക കാരണമെന്ന് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടി.
Content Highlight: Pakistan government has extended the time for Afghan refugees to leave the country