ലാഹോര്‍: പ്രളയം കനക്കുകയും മരണസംഖ്യ ഉയരുകയും ചെയ്തതോടെ പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
നാശനഷ്ടങ്ങളുടെ തോത് വര്‍ധിച്ചതോടെയാണ് സര്‍ക്കാര്‍ പ്രളയത്തെ ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്.
ഇപ്പോഴും രാജ്യത്ത് കനത്ത മഴ തുടരുകയാണ്.
മൂന്ന് കോടിയിലധികം ജനങ്ങളെ പ്രളയം നേരിട്ട് ബാധിക്കുകയും ആയിരത്തോളം പേര്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചത്.
നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ (National Disaster Management Authortiy- NDMA) ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് പ്രളയത്തില്‍ ഇതുവരെ 343 കുട്ടികളുള്‍പ്പെടെ കുറഞ്ഞത് 937 പേര്‍ മരിച്ചിട്ടുണ്ട്. ജൂണ്‍ പകുതി മുതലുള്ള കണക്കാണിത്.
മൂന്ന് കോടിയിലേറെ പേര്‍ക്ക് വീടുകള്‍ നഷ്ടമായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. നാല് പ്രവിശ്യകളിലായി നൂറിലധികം ജില്ലകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്.
രാജ്യത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ബ്രിട്ടനിലേക്കുള്ള തന്റെ ഔദ്യോഗിക യാത്ര ഉപേക്ഷിച്ചിരിക്കുകയാണ്. രാജ്യത്തെ പുനര്‍നിര്‍മിച്ചെടുക്കുന്നതിന് സുഹൃദ് രാജ്യങ്ങളില്‍ നിന്നും അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും സാമ്പത്തിക സഹായവും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
2010ലും സമാനമായ രീതിയില്‍ പാകിസ്ഥാനെ വലിയ പ്രളയം ബാധിച്ചിരുന്നു.
”ഇപ്പോള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന മഴ രാജ്യത്തുടനീളം നാശം വിതച്ചിരിക്കുകയാണ്. ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ പോലും ഈ നഷ്ടങ്ങള്‍ 2010ലെ വെള്ളപ്പൊക്കവുമായി താരതമ്യപ്പെടുത്താവുന്നതാണ്,” 2010ലെ വെള്ളപ്പൊക്കത്തെ പരാമര്‍ശിച്ചുകൊണ്ട് ഷെഹബാസ് ഷെരീഫ് ട്വീറ്റ് ചെയ്തു.
Content Highlight: Pakistan government declared national emergency after nearly 1000 people died in flood