കറാച്ചി: ഭീകരവാദത്തിന് ധനസഹായം നല്‍കുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ഗ്ലോബല്‍ വാച്ച്‌ഡോഗിന്റെ ‘ഗ്രേ ലിസ്റ്റില്‍’ നിന്നും പാകിസ്ഥാന്റെ പേര് നീക്കം ചെയ്തു.
ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (Financial Action Task Force- FATF) എന്ന സംഘടനയുടെ ഗ്രേ ലിസ്റ്റില്‍ നിന്നാണ് പാകിസ്ഥാന്‍ ‘പുറത്തായിരിക്കുന്നത്’. പട്ടികയില്‍ ഉള്‍പ്പെടുത്തി നാല് വര്‍ഷത്തിന് ശേഷമാണ് പാകിസ്ഥാനെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തിത്.
പാരിസില്‍ വെച്ച് നടന്ന എഫ്.എ.ടി.എഫിന്റെ യോഗത്തില്‍ വെച്ചായിരുന്നു തീരുമാനം. ഒക്ടോബര്‍ 18 മുതല്‍ 21 വരെയായിരുന്നു യോഗം.
സാങ്കേതിക പോരായ്മകള്‍ പരിഹരിക്കുന്നതിനൊപ്പം കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിങ് നടത്തുന്നതിനെതിരെ അവര്‍ പോരാടുന്നുണ്ടെന്നും എഫ്.എ.ടി.എഫ് പ്രതികരിച്ചു.
ഗ്രേ ലിസ്റ്റില്‍ പെട്ടത് കാരണം അന്താരാഷ്ട്ര തലത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഫണ്ടുകള്‍ ലഭിക്കുന്നതിനും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്), വേള്‍ഡ് ബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എ.ഡി.ബി), യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍ നിന്ന് നിന്നും സഹായം ലഭിക്കുന്നതിനും പാകിസ്ഥാന് നിരവധി തടസങ്ങളുണ്ടായിരുന്നു.
പാകിസ്ഥാനൊപ്പം നിക്കാരഗ്വയും ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം മ്യാന്മറിനെ കുറച്ചുകൂടി തീവ്രമായ ‘ബ്ലാക്ക് ലിസ്റ്റി’ലേക്കാണ് മാറ്റിയിരിക്കുന്നത്.