ഇസ്‌ലാമാബാദ്:പാകിസ്താനില്‍ നിര്‍ണായകമായ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ ഇംറാന്‍ ഖാന്റെ പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ്, നവാസ് ശരീഫിന്റെ മുസ്‌ലിം ലീഗ്, മുന്‍ പ്രധാന മന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ നയിക്കുന്ന പീപിള്‍സ് പാര്‍ട്ടി ഓഫ് പാകിസ്താന്‍ എന്നിവയാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്.
രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്. രാത്രി എട്ട് മണിയോടെ ആദ്യഫലങ്ങള്‍ പുറത്ത് വരും.
പാകിസ്ഥാനിലെ സിന്ധ്, ബലൂചിസ്ഥാന്‍, ബലൂചിസ്ഥാന്‍, പഞ്ചാബ്, ഖൈബര്‍ എന്നീ നാല് പ്രവിശ്യകളിലായി ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ അസംബ്ലികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കാണ് നേരിട്ട് തെരഞ്ഞെടുപ്പ്.
Read Also : പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു; മോദിക്കെതിരെ കോണ്‍ഗ്രസിന്റെ അവകാശ ലംഘന നോട്ടീസ്
70 സീറ്റുകള്‍ സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി സംവരണം ചെയ്തിരിക്കയാണ്. ഭൂരിപക്ഷത്തിന് 137 സീറ്റുകളാണ് വേണ്ടത്. 3765 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സര രംഗത്തുള്ളത്. രജിസ്റ്റര്‍ ചെയ്ത 110 പാര്‍ട്ടികളില്‍ സജീവമായുള്ളത് 30 എണ്ണമാണ്. 85,000 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.
141 സീറ്റുള്ള പഞ്ചാബാണ് നിര്‍ണായക സംസ്ഥാനം. നവാസ് ഷെരീഫിന്റെ പി.എം.എല്‍.എന്‍ന്റെ ശക്തികേന്ദ്രമായിരുന്ന പഞ്ചാബില്‍ ഇത്തവണ പലരും കൂറുമാറി ഇമ്രാന്‍ ഖാന്റെ തെഹ്‌രീഖെ ഇന്‍സാഫില്‍ ചേര്‍ന്നിട്ടുണ്ട്. സിന്ധ് പ്രവിശ്യയില്‍ ബിലാവല്‍ ഭൂട്ടോയുടെ പി.പി.പിക്കാണ് മുന്‍തൂക്കം. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ എം.എം.എ സഖ്യത്തിനാണ് മുന്‍തൂക്കമെന്നാണ് വിലയിരുത്തല്‍. ബലൂചിസ്ഥാനില്‍ ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടിയാണ് മുന്നിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതില്‍ തെഹരീകെ ഇന്‍സാഫിനും അവാമി പാര്‍ട്ടിക്കും സൈന്യത്തിന്റെ പിന്തുണയുണ്ട്.