വിമര്‍ശനങ്ങള്‍ മാത്രം കേള്‍ക്കേണ്ടി വന്ന നാളുകള്‍ക്ക് ശേഷം 2022ലെ ഏഷ്യാ കപ്പിലൂടെ ക്രീസിലെ രാജാവായി മടങ്ങിവരവ് നടത്തിയ വിരാട് കോഹ്‌ലി തന്റെ റണ്‍വേട്ട തുടരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഏകദിന മാച്ചില്‍ നേടിയ സെഞ്ച്വറിയുടെ ഗംഭീരമായ തുടര്‍ച്ചകളാണ് ഇപ്പോള്‍ ശ്രീലങ്കക്കെതിരെയും താരം പുറത്തെടുക്കുന്നത്.
ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും അവസാന മത്സരത്തിലും തകര്‍പ്പന്‍ സെഞ്ച്വറികളാണ് താരം നേടിയത്. 110 പന്തില്‍ നിന്നും 166 റണ്‍സ് നേടി പുറത്താകാതെ നിന്ന കോഹ്‌ലിയുടെ ചിറകിലേറി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 എന്ന കൂറ്റന്‍ സ്‌കോറാണ് കാര്യവട്ടത്തെ സ്‌റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ ഇന്ത്യ അടിച്ചെടുത്തത്.
ശ്രീലങ്കന്‍ പടയെ ഒന്നൊന്നായി മുഹമ്മദ് സിറാജ് എറിഞ്ഞു വീഴ്ത്തുക കൂടി ചെയ്തതോടെ 73ല്‍ കളി അവസാനിപ്പിച്ച് 317 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങാനായിരുന്നു ശ്രീലങ്കയുടെ വിധി. ഈ വിജയത്തോടെ പരമ്പരയിലെ മാന്‍ ഓഫ് ദി സീരീസും കോഹ്‌ലി സ്വന്തമാക്കി.
സ്വന്തം മണ്ണില്‍ വെച്ച് നേടിയ ഏകദിന സെഞ്ച്വറികളുടെ എണ്ണത്തില്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡാണ് കോഹ്‌ലി തകര്‍ത്തത്. കോഹ്‌ലിയുടെ പെര്‍ഫോമന്‍സിനെ പുകഴ്ത്താന്‍ ക്രിക്കറ്റ് ലോകത്ത് ഇനിയാരും ബാക്കിയല്ലെന്ന് വേണം പറയാന്‍. ലോകത്തെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളാണ് കോഹ്‌ലിയെന്ന ക്രിക്കറ്റ് താരങ്ങളല്ലാത്തവരും കയ്യടിച്ച് പറയുന്നുണ്ട്.
കോഹ്‌ലിയെയും ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും താരതമ്യം ചെയ്തുകൊണ്ടാണ് പാകിസ്ഥാന്‍ മുന്‍ ക്യാപറ്റന്‍ സല്‍മാന്‍ ബട്ട് എത്തിയിരിക്കുന്നത്. ‘റൊണാള്‍ഡോയേക്കാള്‍ ഒട്ടും പുറകിലല്ല കോഹ്‌ലി. ലോകത്തെ ഫിറ്റ്‌നെസ് ഫ്രീക്കുകളായ കായികതാരങ്ങളുടെ നിരയില്‍ മുന്‍പന്തിയില്‍ തന്നെയാണ് അവന്റെ സ്ഥാനം.
വിരാട് കോഹ്‌ലി അവന്റെ ഏറ്റവും മികച്ച ഫോമിലേക്കാണ് തിരിച്ചെത്തിയിരിക്കുന്നത്, അല്ലെങ്കില്‍ ഇതാണ് അവന്റെ നോര്‍മല്‍ ഫോം. നേരത്തെ സെഞ്ച്വറികളും കൂറ്റന്‍ സ്‌കോറുകളും തുടര്‍ച്ചയായി അവന്‍ നേടുമായിരുന്നു. ഏകദിനത്തിലെ ഏറ്റവും മികച്ച രീതിയിലാണ് വിരാട് ഇപ്പോള്‍ കളിക്കുന്നത്.
പതിയെ തുടങ്ങുന്നു, ഒന്നൊന്നായി റണ്‍സ് നേടുന്നു, മോശം പന്തുകള്‍ ഒഴിവാക്കി നല്ല പന്തുകളില്‍ സ്‌കോര്‍ ചെയ്യുന്നു. അങ്ങനെ എല്ലാം നല്ല കൃത്യം പാകത്തിലെത്തുമ്പോള്‍ വളരെ എളുപ്പത്തില്‍ ബൗണ്ടറികളും നേടുന്നു. അവിടെ റിസ്‌ക് കുറവാണ്. ഈ ഗെയിമിന് മേലുള്ള അവന്റെ ആധിപത്യവും നിയന്ത്രണവുമാണ് ഇത് കാണിക്കുന്നത്,’ ബട്ട് പറഞ്ഞു.
സല്‍മാന്‍ ബട്ടിന്റെ ഈ വാക്കുകള്‍ക്ക് പിന്നാലെ 2018ല്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ നടത്തിയ ഒരു പരാമര്‍ശമാണ് ആരാധകരുടെ മനസിലെത്തുന്നത്. ക്രിക്കറ്റ് ലോകത്തിന്റെ സിആര്‍ 7നാണ് കോഹ്‌ലിയെന്നായിരുന്നും ബ്രാവോ പറഞ്ഞത്.
വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അതേ രീതിയില്‍ താരതമ്യം ചെയ്യപ്പെടാന്‍ കഴിയുന്നിടത്താണ് വിരാട് കോഹ്‌ലിയെന്ന ലെജന്‍ഡിന്റെ കളിമികവ് തെളിഞ്ഞുനില്‍ക്കുന്നതെന്നും ആരാധകര്‍ ആഘോഷപൂര്‍വം പറയുന്നുണ്ട്.
Content Highlight: Pakistan former skipper Salman Batt compares Virat Kohli with Ronaldo