ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു. തന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫിന്റെ (പി.ടി.ഐ) റാലിക്കിടെയാണ് ഇമ്രാന്‍ ഖാന് വെടിയേറ്റത്.
ഗുജ്‌റങ്‌വാല പ്രവിശ്യയില്‍ ഒരു പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് കാലിന് വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന അഞ്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും, പാര്‍ട്ടി നേതാവിനും വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് ആദ്യഘട്ടത്തില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇസ്‌ലാമാബാദിലേക്ക് ഒരു ലോങ് മാര്‍ച്ച് പി.ടി.ഐ പ്രഖ്യാപിച്ചിരുന്നു. ഈ ലോങ് മാര്‍ച്ചില്‍ പങ്കെടുത്തുകൊണ്ട് പ്രസംഗിക്കാന്‍ വേണ്ടി തയ്യാറെടുക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.
വസീറാബാദില്‍ ഇമ്രാന്‍ ഖാന്റെ പ്രസംഗവേദിയായിരുന്ന കണ്ടെയ്‌നറിന് നേരെ വെടിവെപ്പുണ്ടാവുകയായിരുന്നു. അക്രമിയെ പൊലീസ് പിടികൂടിയിട്ടുണ്ടെങ്കിലും ഇയാളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇക്കഴിഞ്ഞ ഏപ്രിലില്‍ അധികാരത്തില്‍ നിന്ന് പുറത്തായതിന് ശേഷം വലിയ രീതിയിലുള്ള പ്രതിഷേധറാലികളും പ്രക്ഷോഭങ്ങളുമാണ് ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പി.ടി.ഐ നടത്തുന്നത്.
രണ്ടാഴ്ച മുമ്പ് ഇമ്രാന്‍ ഖാനെ അയോഗ്യനാക്കിക്കൊണ്ട് പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. പാര്‍ലമെന്റില്‍ അംഗമാകുന്നതില്‍ നിന്നും അഞ്ച് വര്‍ഷത്തേക്കാണ് ഇമ്രാന്‍ ഖാനെ വിലക്കിയത്.
ഇതിന് പിന്നാലെയാണ് പി.ടി.ഐ അണികളും പ്രവര്‍ത്തകരും ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധ പ്രകടനങ്ങളിലേക്ക് കടന്നത്. ഇതിന്റെ ഭാഗമായിരുന്നു ലോങ് മാര്‍ച്ച്.
അഴിമതി ആരോപണങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അയോഗ്യനാക്കിയ നീക്കം. പ്രധാനമന്ത്രിയായിരിക്കെ തനിക്ക് വിദേശരാജ്യങ്ങളില്‍ നിന്നടക്കം ലഭിച്ച സമ്മാനങ്ങളും പാരിതോഷികങ്ങളും ഇമ്രാന്‍ ഖാന്‍ സ്വന്തം നിലയില്‍ വിറ്റ് പണമുണ്ടാക്കിയെന്ന ആരോപണങ്ങള്‍ കമ്മീഷന്‍ ശരിവെക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ 10ന് പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പി.എം.എല്‍.എന്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിന്മേല്‍ നടന്ന വോട്ടെടുപ്പില്‍ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നതോടെയായിരുന്നു ഇമ്രാന്‍ ഖാന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായത്.
പിന്നാലെയാണ് പി.എം.എല്‍.എന്‍ നേതാവും മുന്‍ മുഖ്യമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായി അധികാരമേറ്റത്.
Content Highlight: Pakistan former PM Imran Khan was shot