ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ തീവ്രവാദവിരുദ്ധ നിയമപ്രകാരം (anti-terror laws) കേസെടുത്ത് പാകിസ്ഥാന്‍ പൊലീസ്. വൈകാതെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സെബ ചൗധരിയെ ഭീഷണിപ്പെടുത്തിക്കൊണ്ട് പ്രസംഗിച്ച സംഭവത്തില്‍ ഇസ്‌ലാമാബാദ് സദ്ദാര്‍ മജിസ്‌ട്രേറ്റ് അലി ജാവേദ് നല്‍കിയ പരാതിയിലാണ് തീവ്രവാദവിരുദ്ധ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.
അതേസമയം ഇമ്രാനെതിരെ കേസെടുത്തതില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ) പ്രവര്‍ത്തകരും അണികളും പ്രതിഷേധത്തിന് പദ്ധതിയിടുന്നുണ്ട്.
ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പാര്‍ട്ടി അണികള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്നാണ് പി.ടി.ഐ അംഗങ്ങള്‍ ആഹ്വാനം ചെയ്തത്.
അതേസമയം, രാജ്യത്തെ എല്ലാ സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകളിലും ഇമ്രാന്‍ ഖാന്റെ ലൈവ് പ്രസംഗങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് കഴിഞ്ഞ ദിവസം നിരോധിച്ചു.
പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയായിരുന്നു നിരോധനമേര്‍പ്പെടുത്തിയത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ടുള്ള ഇമ്രാന്റെ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു നടപടി.
ഒരു പൊതു ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വനിതാ മജിസ്ട്രേറ്റിനെതിരെയും പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും രാഷ്ട്രീയത്തിലെ എതിര്‍കക്ഷികള്‍ക്കെതിരെയും കേസ് കൊടുക്കുമെന്ന് ഇമ്രാന്‍ ഭീഷണിപ്പെടുത്തിയത്.
പി.ടി.ഐ നേതാവായ ഷെഹബാസ് ഗില്ലിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതില്‍ പ്രതികരിക്കുകയായിരുന്നു ഇമ്രാന്‍.
”പി.ടി.ഐ ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്‍ തന്റെ പ്രസംഗങ്ങളിലും പ്രസ്താവനകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പ്രകോപനപരമായതും അടിസ്ഥാനരഹിതമായതുമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും വിദ്വേഷ പ്രസംഗം നടത്തുകയുമാണ്. ഇദ്ദേഹം തുടര്‍ച്ചയായി സര്‍ക്കാര്‍ സ്ഥാപനങ്ങളെ കുറ്റപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇത് ക്രമസമാധാന പരിപാലനത്തിനും പൊതു സമാധാനത്തിനും ഭംഗം വരുത്താന്‍ സാധ്യതയുണ്ട്,” പാക് മീഡിയ റെഗുലേറ്ററി അതോറിറ്റി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 19ന്റെ ലംഘനമാണ് ഇമ്രാന്‍ ഖാന്റെ പ്രസംഗങ്ങളെന്നും ഇത് ലൈവായി സംപ്രേക്ഷണം ചെയ്യുന്നത് മാധ്യമങ്ങളുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്നും പി.ഇ.എം.ആര്‍.എ പറഞ്ഞിരുന്നു.
Content Highlight: Pakistan former PM Imran Khan charged under anti terrorism act by police