അടുത്ത കാലത്തായി ഇന്ത്യന്‍ ടീമില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ് ഇടംകയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്. 2019ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ചതുമുതലാണ് താരം ശ്രദ്ധനേടുന്നത്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കക്കതിരായ ആദ്യ ടി-20യിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.
ഗ്രീന്‍ഫീല്‍ഡ് ടി- 20യില്‍ അര്‍ഷ്ദീപ് എറിഞ്ഞ ആദ്യ ഓവര്‍ ഈ അടുത്ത് ക്രിക്കറ്റ് ലോകം കണ്ട എറ്റവും മികച്ച ബൗളിങ് പെര്‍ഫോമന്‍സായിട്ടാണ് വിലയിരുത്തുന്നത്. ഏഴ് റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് ഈ ഓവറില്‍ അര്‍ഷ്ദീപ് പിഴുതത്. ഇതില്‍ രണ്ട് വിക്കറ്റുകള്‍ അടുത്തടുത്ത പന്തുകളിലായിരുന്നു.
മികച്ച പ്രകടനത്തിന് പിന്നാലെ അര്‍ഷ്ദീപിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കമ്രാന്‍ അക്മല്‍. ഇന്ത്യ തങ്ങളുടെ പുതിയ സഹീര്‍ ഖാനെ കണ്ടെത്തി എന്നാണ് കമ്രാന്‍ അക്മല്‍ പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റ പ്രതിരണം. ചെറിയ പ്രായം മാത്രമുള്ള അര്‍ഷ്ദീപിന് ഇന്ത്യന്‍ ടീമില്‍ ദീര്‍ഘകാലം തിളങ്ങാനാകുമെന്നും അക്മല്‍ പറയുന്നു.
‘അര്‍ഷ്ദീപിലൂടെ ഇന്ത്യ പുതിയ സഹീര്‍ഖാനെ കണ്ടെത്തിയിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു. അര്‍ഷ്ദീപ് മികച്ച ബൗളറാണ്. പേസും സ്വിങ്ങും ഒരുപോലെ സമന്വയിക്കുന്ന പന്തുകളാണ് അര്‍ഷ്ദീപിന്റേത്. അദ്ദേഹം മാനസികമായും കരുത്തനാണ്. അര്‍ഷ്ദീപിന് അദ്ദേഹത്തിന്റെ കഴിവ് നന്നായി അറിയാം.