ന്യൂസിലാന്‍ഡുമായുള്ള അവസാന ടി-20 മാച്ച് പോലെ ചില മത്സരങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ അപരാജിത പ്രകടനവുമായാണ് സൂര്യകുമാര്‍ യാദവ് കളം നിറയുന്നത്. എതിര്‍ ടീം ഏതായാലും മികച്ച റണ്‍സ് നേടിയല്ലാതെ താരം കളം വിടാറില്ല.
ഗ്രൗണ്ടിന്റെ ഏത് ഭാഗത്തേക്കും ബൗണ്ടറികള്‍ പറത്തുന്ന ഈ ടി-20 സ്‌പെഷ്യലിസ്റ്റ് ഇന്ത്യയുടെ സ്വന്തം മിസ്റ്റര്‍360 എന്ന് കൂടിയാണ് വിളിക്കപ്പെടുന്നത്.
ടി-20 ഫോര്‍മാറ്റിലെ ഇന്ത്യയുടെ കുന്തമുനയായ സൂര്യകുമാര്‍ യാദവ്, വിളിപ്പേരായ സ്‌കൈ പോലെ ആകാശം തൊടുന്ന പെര്‍ഫോമന്‍സായിരുന്നു കീവിസുമായുള്ള രണ്ടാം ടി-20 മത്സരത്തില്‍ കാഴ്ചവെച്ചത്. 51 പന്തില്‍ നിന്നും 217.65 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം 111 റണ്‍സ് നേടിയത്. സ്‌കൈ തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും.
ഇതോടെ ന്യൂസിലാന്‍ഡിനെതിരായ ടി-20യില്‍ ഇന്ത്യക്കാരന്‍ നേടുന്ന ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും സ്‌കൈ സ്വന്തം പേരിലാക്കിയിരുന്നു.
കൂടാതെ, സൂപ്പര്‍താരം ഗ്ലെന്‍ മാക്സ്‌വെല്ലിനെയും വെസ്റ്റ് ഇന്‍ഡീസ് താരം എവിന്‍ ലൂയിസിനെയും ഇന്ത്യന്‍ ഇതിഹാസം യുവരാജിനേയും മറികടന്ന് മറ്റൊരു ലോക റെക്കോര്‍ഡ് കൂടി സൂര്യകുമാര്‍ സ്വന്തമാക്കിയിരുന്നു.
അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങളില്‍ 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റുമായി ഏറ്റവും അധികം അര്‍ധ സെഞ്ച്വറികള്‍ തികക്കുന്ന താരം എന്ന റെക്കോര്‍ഡാണ് സ്‌കൈ സ്വന്തം കൈപ്പിടിയിലൊതുക്കിയത്.
200ന് മുകളില്‍ സ്ട്രൈക്ക് റേറ്റോടെ ഏഴ് അര്‍ധ സെഞ്ച്വറികളാണ് താരം സ്വന്തം പേരിലാക്കിയത്.
ഒരു കലണ്ടര്‍ വര്‍ഷം ടി-20 ഫോര്‍മാറ്റില്‍ കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് നേടുന്ന ഇന്ത്യന്‍ താരമായും സ്‌കൈ മാറിയിരിക്കുകയാണ്. ഈ വര്‍ഷം ഇത് ഏഴാം തവണയാണ് സൂര്യകുമാര്‍ ഈ നേട്ടത്തിലെത്തുന്നത്.
2016ല്‍ ആറ് തവണ ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലിയെയാണ് സ്‌കൈ മറികടന്നത്. ഒരു കലണ്ടര്‍ വര്‍ഷം ടി-20യില്‍ കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച് നേടുന്നവരില്‍ സിംബാബ്‌വെ താരം സിക്കന്ദര്‍ റാസക്കൊപ്പമാണ് സൂര്യയുള്ളത്.
എന്നാല്‍ ഇങ്ങനെ ഇന്ത്യക്ക് വേണ്ടി അതിഗംഭീരമായ പ്രകടനം നടത്തുന്ന സൂര്യകുമാര്‍ യാദവിന്റെ നിരവധി വര്‍ഷങ്ങളാണ് ഇന്ത്യന്‍ സെലക്ടര്‍ പാഴാക്കിയതെന്നാണ് പാക് മുന്‍ താരം ഡാനിഷ് കനേരിയ പറയുന്നത്.
‘സൂര്യകുമാര്‍ യാദവിന്റെ അഞ്ച് വര്‍ഷങ്ങളാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ തുലച്ചത്. എന്നിട്ട് ഇന്നിപ്പോള്‍ എല്ലാ വിദഗ്ധരും അവനെ വാനോളം പുകഴ്ത്തുകയാണ്. എന്നാല്‍ സൂര്യകുമാര്‍ തന്റെ ബീസ്റ്റ് മോഡ് തുടരുകയാണ്. ടി-20 ലോകകപ്പില്‍ നിര്‍ത്തിയിടത്ത് നിന്നും തുടങ്ങിയത് പോലെയാണ് അവന്‍ കളിക്കുന്നത്.
ഗ്രൗണ്ടിന്റെ ഒരു ഭാഗം പോലും അവന്‍ ഉപയോഗിക്കാതിരിക്കുന്നില്ല. അവനെ പോലെ ഷോട്ടുകള്‍ പായിക്കുന്ന മറ്റൊരു താരം ലോകക്രിക്കറ്റിലില്ല. അവന്റെ മുമ്പില്‍ ബൗളര്‍മാരെല്ലാം നിസഹായരാണ്,’ കനേരിയ പറയുന്നു.
Content Highlight: Pakistan former player Danish Kaneria against Indian selectors for wasting Suryakumar Yadav’s time