ന്യൂദല്‍ഹി: കാശ്മീരില്‍ കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകന്‍ ഷുജത് ബുഖാരിയുടെ മരണം ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിനെക്കുറിച്ച് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളിലായത് യാദൃശ്ചികമായിരിക്കാനിടയില്ലെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം.
മന്ത്രാലയത്തിന്റെ വക്താവ് മുഹമ്മദ് ഫൈസല്‍ ട്വിറ്ററിലെഴുതിയ കുറിപ്പിലാണ് കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് യു.എന്‍. പുറത്തുവിട്ട റിപ്പോര്‍ട്ടും ബുഖാരിയുടെ മരണവും തമ്മില്‍ ബന്ധമുണ്ടായിരിക്കാമെന്ന് സംശയിക്കുന്നത്. സംഭവത്തെ പാക്കിസ്ഥാന്‍ ശക്തമായി അപലപിച്ചിരുന്നു.
ട്വിറ്റര്‍ കുറിപ്പ് പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കൊലപാതകമെന്നത് ഗൗരവകരമായ ചോദ്യങ്ങളുയര്‍ത്തുന്നുണ്ടെന്നും, വിഷയത്തില്‍ ഇന്ത്യ അന്വേഷണം നടത്തുകയും ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരികയും ചെയ്യണമെന്നും ഫൈസലിന്റെ ട്വീറ്റില്‍ പറയുന്നു.
Also Read: ഗൗരി ലങ്കേഷിനുശേഷം ഉന്നംവെച്ചത് കെ.എസ് ഭഗവാനെയും ഗിരീഷ് കര്‍ണാടിനെയും; കൊലപാതകത്തിനുപിന്നില്‍ വന്‍സംഘമെന്ന് പൊലീസ്
കാശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ഇത്തരത്തിലെ ആദ്യ റിപ്പോര്‍ട്ട് എന്ന അടിക്കുറിപ്പോടെ ബുഖാരി റിപ്പോര്‍ട്ടിനെക്കുറിച്ച് റൈസിംഗ് കാശ്മീരില്‍ വന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. തെറ്റിദ്ധാകരണാജനകമെന്നാരോപിച്ച് ഇന്ത്യ ഈ റിപ്പോര്‍ട്ട് മുന്‍പ് തള്ളിക്കളയുകയായിരുന്നു.
അതേസമയം, ബുഖാരിയുടെ കൊലപാതകം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുന്‍ കാശ്മീര്‍ പ്രധാനമന്ത്രി ഒമര്‍ അബ്ദുല്ല ട്വീറ്റിനു മറുപടിയുമായി രംഗത്തെത്തി. പാക്കിസ്ഥാന്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്നും അദ്ദേഹം മറുപടി ട്വീറ്റില്‍ ആരോപിച്ചിട്ടുണ്ട്.
റൈസിംഗ് കാശ്മീര്‍ പത്രത്തിന്റെ എഡിറ്ററായിരുന്ന ഷുജത് ബുഖാരിയുടെ കൊലപാതകത്തില്‍ ഞെട്ടലും അനുശോചനവും രേഖപ്പെടുത്തി നിരവധി രാഷ്ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരും മുന്നോട്ടു വന്നിരുന്നു. ബാരാമുള്ളയില്‍ നടന്ന മരണാനന്തര ചടങ്ങുകളില്‍ നൂറുകണക്കിനു പേരാണ് പങ്കെടുത്തത്.