ഇസ്‌ലാമാബാദ്: കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ ലോകത്ത് അനേകം മാറ്റങ്ങൾ സംഭവിച്ചുവെന്നും ഈ യാഥാർത്ഥ്യങ്ങൾ കൂടി മനസിലാക്കി വേണം പുതിയ നയങ്ങളും ബന്ധങ്ങളും രൂപപ്പെടുത്തേണ്ടതെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി.
”കഴിഞ്ഞ നാലുവർഷത്തിൽ ലോകം ഒരുപാട് മാറി. പാകിസ്താനും ഒരുപാട് മാറി. അതുകൊണ്ട് തന്നെ പുതിയ പാകിസ്താനുമായി അമേരിക്ക ബന്ധം പുലർത്തണം. ഇന്ത്യയും ഒരുപാട് മാറി. തിളങ്ങി നിന്നിരുന്ന മതേതര ഇന്ത്യയുണ്ടോ ഇന്ന്? ഇല്ല,”
അതുകൊണ്ട് തന്നെ പുതിയ ബന്ധങ്ങളും കൂട്ടുകെട്ടുകളും ഈ യാഥാർത്ഥ്യങ്ങൾ കൂടി മനസിലാക്കിയാവണം, ഖുറേഷി പറഞ്ഞു.
പുതിയ അമേരിക്കൻ ഭരണകൂടത്തോട് ഒരു ചെറിയ കാര്യം പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു ഖുറേഷിയുടെ പ്രതികരണം.
”ഇന്ത്യയിൽ നിന്ന് ഇന്നുയർന്ന് വരുന്ന സ്വരങ്ങൾ അതിപ്പോൾ മതേതര ഇന്ത്യയല്ലെന്ന് പറഞ്ഞുള്ളതാണ്. അവിടെയിപ്പോൾ ഹിന്ദുത്വത്തിന്റെ പുതിയ മുഖമാണ് ഉള്ളത്, ആർ.എസ്എസിന്റെ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗികമായ രീതിയാണ് ഇന്ത്യയിൽ നടപ്പിലായികൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ല ഇപ്പോൾ,” ഖുറേഷി പറഞ്ഞു.
അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജനുവരി 20നാണ് ബൈഡൻ അധികാരമേറ്റത്.536 ഇലക്ട്രറൽ വോട്ടുകളിൽ 306 ഉം നേടിയാണ് ബെെഡൻ വിജയമുറപ്പിച്ചത്.ട്രംപിന്റെ നാല് വർഷത്തെ അമേരിക്ക ഫസ്റ്റ് പോളിസിയിൽ നിന്നും ലോകത്തിലെ എല്ലാ സഖ്യകക്ഷികളുമായുള്ള ബന്ധം അമേരിക്ക പുനഃസ്ഥാപിക്കുമെന്ന സൂചനയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയുള്ള പ്രസംഗത്തിൽ വ്യക്തമാക്കിയത്.