ഇസ്ലാമാബാദ്: ജെയ്ഷെ-ഇ- മുഹമ്മദ് നേതാവ് മസൂദ് അസര്‍ പാക് മണ്ണിലുണ്ടെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രസ്താവനക്ക് പിന്നാലെ ജെയ്‌ഷെ നേതൃത്വവുമായി സര്‍ക്കാരിന് ബന്ധമുണ്ടെന്ന സൂചന നല്‍കി വീണ്ടും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി.
വിദേശമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജെയ്‌ഷെ മുഹമ്മദിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഖുറേഷി തുറന്നുപറഞ്ഞത്. പുല്‍മാവ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടോയെന്ന കാര്യത്തില്‍ പാക് സര്‍ക്കാരിന് ഉറപ്പില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് തന്നെ ഏറ്റെടുത്തതാണല്ലോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഒരിക്കലുമില്ലെന്നും അവര്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നുമായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
ആ ആക്രമണത്തില്‍ ജെയ്‌ഷെയ്ക്ക് പങ്കില്ലെന്നും അതില്‍ ആശയക്കുഴപ്പമുണ്ടെന്നുമായിരുന്നു ഖുറേഷി പറഞ്ഞത്. ജെയ്‌ഷെ നേതൃത്വം ബന്ധപ്പെട്ടിരുന്നെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കല്ലെന്ന് അവര്‍ പറഞ്ഞെന്നുമായിരുന്നു ഖുറേഷിയുടെ പ്രതികരണം.
ജെയ്‌ഷെ നേതൃത്വവുമായി ആരാണ് ബന്ധപ്പെട്ടത് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇവിടെ അവരുമായി ബന്ധംപുലര്‍ത്തുന്ന ആളുകള്‍ ഉണ്ടെന്നായിരുന്നു ഖുറേഷി നല്‍കിയ മറുപടി.
പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ജെയ്‌ഷെ വക്താവ് മുഹമ്മദ് ഹസ്സന്‍ തന്നെ പ്രസ്താവന ഇറക്കിയ വസ്തുത നിലനില്‍ക്കുമ്പോഴാണ് ജെയ്‌ഷെയ്ക്ക് ആക്രമണത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് പാക് വിദേശകാര്യമന്ത്രി തന്നെ എത്തുന്നത്.
ജെയ്ഷയുടെ ചാവേര്‍ ആദില്‍ അഹമ്മദാണ് ആക്രമണം നടത്തിയതെന്നും ജെയ്‌ഷെ മുഹമ്മദ് അന്ന് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ജെയ്ഷെ-ഇ- മുഹമ്മദ് നേതാവ് മസൂദ് അസറിനെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവനകളായിരുന്നു പാക് വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസവും നടത്തിയത്. അസര്‍ രോഗിയാണെന്നും അദ്ദേഹത്തിന് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയില്ലെന്നുമായിരുന്നു ഖുറേഷി പറഞ്ഞത്.
” എനിക്കു ലഭിച്ച വിവരമനുസരിച്ച് അദ്ദേഹം പാക്കിസ്ഥാനിലുണ്ട്. അദ്ദേഹത്തിന് ഒട്ടും സുഖമില്ല. വീട് വിട്ട് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഇന്ത്യ ശക്തമായ തെളിവ് നല്‍കുകയാണെങ്കില്‍ മാത്രമേ പാക്കിസ്ഥാന്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കൂ” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇന്ത്യയുള്‍പ്പെടെ ഒരു രാജ്യങ്ങള്‍ക്കെതിരെ ഭീകരവാദ പ്രവര്‍ത്തനം നടത്താന്‍ തങ്ങളുടെ മണ്ണിനെ ഉപയോഗിക്കാന്‍ ഒരു വ്യക്തിയേയും സംഘടനയേയും സമ്മതിക്കില്ലെന്നതാണ് പാക് സര്‍ക്കാറിന്റെ നയമെന്ന് ഖുറേഷി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം അവസാനിപ്പിക്കുന്ന ഏത് നടപടിയ്ക്കും പാക്കിസ്ഥാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ച ഡൊണാള്‍ഡ് ട്രംപിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തിരുന്നു.