| Thursday, 20th April 2023, 5:58 pm

പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; 2014ന് ശേഷം ഒരു പാക് നേതാവ് ഇന്ത്യയിലെത്തുന്നത് ആദ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി അടുത്ത മാസം ഇന്ത്യയിലെത്തും. മെയ് 4, 5 തീയതികളില്‍ ഗോവയില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍സിന്റെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ബിലാവല്‍ ഇന്ത്യയിലെത്തുന്നത്.

‘2023 മെയ് 3, 4 തീയതികളില്‍ ഇന്ത്യയിലെ ഗോവയില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലേക്കുള്ള പാക്കിസ്ഥാന്റെ പ്രതിനിധി സംഘത്തെ ബിലാവല്‍ ഭൂട്ടോ സര്‍ദാരി നയിക്കും,’ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്‌റാഹ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ക്ഷണം സ്വീകരിച്ചാണ് ബിലാവല്‍ ഗോവയിലെത്തുന്നതെന്ന് മുംതാസ് കൂട്ടിച്ചേര്‍ത്തു.

പരിപാടിയിലെ തങ്ങളുടെ പങ്കാളിത്തം ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ കരാറിനോടുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ പ്രതിഫലനമാണെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.

2014ല്‍ നവാസ് ഷെരീഫിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യത്തെ പ്രധാന പാക്കിസ്ഥാന്‍ രാഷ്ട്രീയ നേതാവാണ് ബിലാവല്‍. റഷ്യ, ചൈന, ഇന്ത്യ, പാക്കിസ്ഥാന്‍, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിങ്ങനെ എട്ട് യുറേഷ്യന്‍ രാജ്യങ്ങള്‍ അംഗങ്ങളായി 2001ല്‍ സ്ഥാപിതമായ സംഘടനയാണ് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ, സൈനിക കാര്യങ്ങളില്‍ സഹകരിച്ചുള്ള പ്രവര്‍ത്തനമാണ് സംഘടന ലക്ഷ്യമിടുന്നത്.

2017 ജൂണിലാണ് ഇന്ത്യ സംഘടനയില്‍ പൂര്‍ണ അംഗത്വമെടുക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ബലാറസ്, ഇറാന്‍, മംഗോളിയ തുടങ്ങിയവക്ക് സംഘടനയില്‍ നിരീക്ഷക രാജ്യ പദവിയാണുള്ളത്.

പുല്‍വാമ ആക്രമണം, ബാലാക്കോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നിവയെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ വഷളായിരുന്നു. 2014ല്‍ അന്നത്തെ പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് ഇന്ത്യയിലെത്തിയിരുന്നു. 2015 ഡിസംബറില്‍ അന്നത്തെ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു.

Content Highlights: Pakistan Foreign Minister Bilawal bhuto sardari visit to India

We use cookies to give you the best possible experience. Learn more