കറാച്ചി: പാകിസ്ഥാനില്‍ പ്രളയം ദുരിതം വിതക്കുന്നത് തുടരുന്നു. ഇതുവരെ 1500ഓളം പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്.
പാകിസ്ഥാന്റെ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ (National Disaster Management Authority) ഔദ്യോഗിക കണക്കുകള്‍ പ്രകാരം 530 കുട്ടികളുള്‍പ്പെടെ 1486 പേര്‍ പ്രളയത്തില്‍ പെട്ട് മരിച്ചുവെന്നാണ് പറയുന്നത്. ജൂണ്‍ പകുതി മുതല്‍ സെപ്റ്റംബര്‍ ഒമ്പത് വരെയുള്ള കണക്കാണിത്.
ആയിരക്കണക്കിന് പേരാണ് പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട് തെരുവുകളിലും പൊതു നിരത്തുകളിലും കഴിയുന്നത്.
”പാകിസ്ഥാനില്‍ ലഭ്യമായ എല്ലാ നിര്‍മാതാക്കളില്‍ നിന്നും ഞങ്ങള്‍ ടെന്റുകള്‍ വാങ്ങുന്നുണ്ട്,” സിന്ധ് പ്രവിശ്യയുടെ മുഖ്യമന്ത്രി സയ്യിദ് മുറാദ് അലി ഷാ വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
മണ്‍സൂണ്‍ സീസണില്‍ പെയ്ത റെക്കോഡ് മഴയും വടക്കന്‍ പ്രദേശത്തെ പര്‍വത നിരകളില്‍ മഞ്ഞുരുകിയതുമാണ് പാകിസ്ഥാനില്‍ വെള്ളപ്പൊക്കത്തിനും പ്രളയത്തിനും കാരണമായത്.
പ്രളയത്തില്‍ ആകെ 30 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങള്‍ സംഭവിച്ചതാണ് അധികൃതര്‍ പറയുന്നത്.
നേരത്തെ പ്രളയം ശക്തി പ്രാപിക്കുകയും മരണസംഖ്യ ആയിരത്തോട് അടുക്കുകയും ചെയ്ത സമയത്ത് പാകിസ്ഥാനില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
22 കോടിയിലധികം വരുന്ന ജനസംഖ്യയില്‍ മൂന്ന് കോടിയിലധികം (33 മില്യണ്‍) ജനങ്ങളെ പ്രളയം നേരിട്ട് ബാധിച്ചതായും വീടുകള്‍ നഷ്ടപ്പെട്ടതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാനിലെ നാല് പ്രവിശ്യകളിലായി നൂറിലധികം ജില്ലകളെയാണ് പ്രളയം നേരിട്ട് ബാധിച്ചത്.
നാശനഷ്ടങ്ങളില്‍ പകുതിയിലധികവും ബലൂചിസ്ഥാന്‍, സിന്ധ് പ്രവിശ്യകളിലായാണ് റിപ്പോര്‍ട്ട് ചെയ്തത്. ബലൂചിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു.
മുമ്പ് 2010ലും സമാനമായ രീതിയില്‍ പാകിസ്ഥാനില്‍ കനത്ത വെള്ളപ്പൊക്കമുണ്ടായിരുന്നു.
Content Highlight: Pakistan floods caused death of nearly 1,500 people, hundreds of thousands sleep in open