| Saturday, 25th February 2023, 8:53 am

ട്രാന്‍സ് ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തകക്ക് നേരെ വധശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: പാകിസ്ഥാനിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേര്‍ണലിസ്റ്റിന് നേരെ വധശ്രമം. ഇസ്‌ലാമാബാദ് നിവാസിയായ മര്‍വ്വ മാലികിന് നേരെയാണ് വധശ്രമമുണ്ടായത്. ലാഹോറിലെ പട്ടാള ക്യാമ്പിനടുത്തുള്ള ഫാര്‍മസിയില്‍ നിന്നും മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ രണ്ട് അക്രമികള്‍ മര്‍വ്വക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട മര്‍വ്വ പൊലീസിന്റെ സംരക്ഷണത്തിലാണെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2018ല്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ സംരക്ഷണ നിയമത്തില്‍ തന്റെ കാഴ്ചപ്പാട് തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് മര്‍വ്വ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഫോണിലൂടെയും, മെയില്‍ വഴിയും ഭീഷണി സന്ദേശങ്ങള്‍ തനിക്ക് വരുന്നുണ്ടെന്ന് പറഞ്ഞ അവര്‍ പൊലീസ് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

കൂടാതെ ഈ നിയമത്തിനെ എതിര്‍ത്ത് കൊണ്ട് കൗണ്‍സില്‍ ഓഫ് ഇസ്‌ലാമിക് ഐഡിയോളജി (സി.ഐ.എ) എന്ന സംഘടനയും രംഗത്ത് വന്നിരുന്നു. നിയമം ഇസ്‌ലാമിക് ശരീഅത്ത് വ്യവസ്ഥകള്‍ക്ക് എതിരാണെന്നാണ് സംഘം ആവശ്യപ്പെട്ടത്.

നിയമം പാകിസ്ഥാന്‍ ജനതക്കിടയില്‍ സാമൂഹികമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നും, നിയമം പുനപരിശോധിക്കാന്‍ പുതിയ കമ്മിറ്റി രൂപീകരിക്കണമെന്നും സി.ഐ.എ പ്രതിനിധികള്‍ പാക് സര്‍ക്കാരിനേട് ആവശ്യപ്പെട്ടിരുന്നു. മാത്രവുമല്ല പുതിയ കമ്മിറ്റിയില്‍ സി.ഐ.എ അംഗങ്ങളെയും, മത പണ്ഡിതരെയും, വിദഗ്ദ ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ പാകിസ്ഥാനിലെ ട്രാന്‍സ് കമ്മ്യൂണിറ്റി അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും, ജനങ്ങള്‍ക്കിടയില്‍ നിന്നും നേരിടേണ്ടി വരുന്ന അക്രമത്തെക്കുറിച്ചും അവര്‍ തുറന്ന് പറഞ്ഞിരുന്നു.

‘ഫാഷന്‍ മേഖലയിലും, മീഡിയാ ഇന്‍ഡസ്ട്രികളിലും ട്രാന്‍സ് കമ്മ്യൂണിറ്റിക്ക് ജോലിയെടുക്കാമെങ്കില്‍ എന്ത് കൊണ്ടാണ് മറ്റു തൊഴിലിടങ്ങളില്‍ അവരെ ഉള്‍പ്പെടുത്താന്‍ സമൂഹം തയ്യാറാവുന്നില്ല. ഈ അവസ്ഥ മാറേണ്ടതുണ്ട്. ഞാന്‍ എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയ സമയത്ത് എന്റെ വീട്ടുകാര്‍ തന്നെ എന്നെ തള്ളിപ്പറഞ്ഞു. വീട്ടില്‍ നിന്നും പുറത്താക്കപ്പെടുമ്പോള്‍ തെരുവില്‍ ഭിക്ഷയെടുക്കാനല്ലാതെ ഞങ്ങള്‍ക്ക് വേറെ നിര്‍വാഹമില്ല,’ മര്‍വ്വ അഭിമുഖത്തിനിടെ പറഞ്ഞു.

മീഡിയ ജേര്‍ണലിസത്തില്‍ ബിരുദം നേടിയ മര്‍വ്വ മേക്കപ്പ് ആര്‍ട്ടിസ്റ്റായാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഒരു സ്വകാര്യ ചാനലില്‍ അവതാരികയായി ജോലി ചെയ്ത് വരികയായിരുന്നു.

Content Highlight: Pakistan first transgender journalist got attacked

We use cookies to give you the best possible experience. Learn more