ഇസ്‌ലാമാബാദ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും മകനെയും അറസ്റ്റ് ചെയ്യാന്‍ കോടതിയുടെ അനുമതി തേടി പാകിസ്ഥാന്റെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ഐ.എ).
മള്‍ട്ടി മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കള്ളപ്പണക്കേസിലാണ് പ്രധാനമന്ത്രിയെയും മകനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഹംസ ഷെരീഫിനെയും അറസ്റ്റ് ചെയ്യാന്‍ എഫ്.ഐ.എ കോടതിയുടെ അനുമതി തേടിയത്. അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു എഫ്.ഐ.എ ആവശ്യപ്പെട്ടത്.
എന്നാല്‍ ഇരുവരുടെയും മുന്‍കൂര്‍ ജാമ്യം പ്രത്യേക കോടതി ജൂണ്‍ 11 വരെ നീട്ടി.
പ്രധാനമന്ത്രിയും മകനും കനത്ത സുരക്ഷയോടെ കോടതിയില്‍ ഹാജരായിരുന്നു.
അന്വേഷണ ഏജന്‍സിയുടെ തെറ്റായ ആരോപണങ്ങളാണ് ഈ കേസ് എന്നായിരുന്നു ഷെഹബാസ് ഷെരീഫിന്റെ കൗണ്‍സല്‍, അഡ്വ. അംജാദ് പര്‍വേസ് കോടതിയില്‍ വാദിച്ചത്. ലാഹോറില്‍ ജയിലിലായിരിക്കെ, പ്രധാനമന്ത്രിക്കും മകനുമെതിരെ ഇതിനോടകം ഏജന്‍സി അന്വേഷണം നടത്തിയതാണെന്നും അംജാദ് പര്‍വേസ് പറഞ്ഞു.
ഇമ്രാന്‍ ഖാന്റെ മുന്‍ സര്‍ക്കാര്‍ രാഷ്ട്രീയ പ്രേരിതമായി ഉണ്ടാക്കിയെടുത്ത കേസാണിതെന്നും പ്രധാനമന്ത്രിയുടെ കൗണ്‍സല്‍ കൂട്ടിച്ചേര്‍ത്തു.
ഷെഹബാസ് ഷെരീഫിനും മക്കളായ ഹംസ സുലേമാന്‍ എന്നിവര്‍ക്കുമെതിരെ പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ട്, ആന്റി മണി ലോണ്ടെറിങ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം 2020 നവംബറില്‍ എഫ്.ഐ.എ കേസെടുത്തിരുന്നു.
ഷെഹബാസ് കുടുംബത്തിന്റെ പേരില്‍ 28 ബിനാമി അക്കൗണ്ടുകള്‍ കണ്ടെത്തിയതായും ഇതുവഴി 2008 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 14 ബില്യണ്‍ പാകിസ്ഥാനി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തതായും എഫ്.ഐ.എ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Content Highlight: Pakistan Federal Investigation Agency seeks arrest of PM Shehbaz Sharif and son in money laundering case