പാകിസ്ഥാന്റെ ഇടംകയ്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ആമിര്‍ ഇന്റര്‍നാഷനല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അടുത്തിടെ പാകിസ്ഥാന്റെ ഓള്‍ റൗണ്ടര്‍ ഇമാദ് വസീമും ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയിരുന്നു.
ഇപ്പോള്‍ മികച്ച പോസര്‍ ആമിറിന്റെ വിട വാങ്ങലും കൂടെയായപ്പോള്‍ പാകിസ്ഥാന് നഷ്ടമായത് മിന്നും താരങ്ങളേയാണ്. 2009ല്‍ പാകിസ്ഥാന് വേണ്ടി ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ ആമിര്‍ എക്കാലത്തെയും ടീമിന്റെ മികച്ച ബൗളറാണ്.
പാകിസ്ഥാന് വേണ്ടി റെഡ് ബോളില്‍ 36 മത്സരങ്ങളിലെ 67 ഇന്നിങ്‌സില്‍ നിന്ന് 119 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. 7/64 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. ഏകദിനത്തില്‍ 61 മത്സരങ്ങളിലെ 60 ഇന്നിങ്‌സില്‍ നിന്ന് 81 വിക്കറ്റും 5/30 എന്ന മികച്ച ബൗളിങ് പ്രകടനവും നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ടി-20ഐയില്‍ 62 മത്സരങ്ങളിലെ 61 ഇന്നിങ്‌സില്‍ നിന്ന് 71 വിക്കറ്റും 4/13 എന്ന മിന്നും ബൗളിങ് പ്രകടനവും താരം രേഖപ്പെടുത്തി. മാത്രമല്ല മൂന്ന് ഫോര്‍മാറ്റില്‍ നിന്നും 1179 റണ്‍സും താരം നേടി.
വിരമിക്കലിനെക്കുറിച്ച് ആമിര്‍ പറഞ്ഞത്
‘മൂന്ന് ഫോര്‍മാറ്റിലും പാകിസ്ഥാന് വേണ്ടി കളിക്കുന്നത് വലിയ അംഗീകാരമാണ്. ഇതൊരു ബുദ്ധിമുട്ടുള്ള തീരുമാനമാണെന്ന് എനിക്കറിയാം, എന്നാല്‍ അടുത്ത തലമുറയ്ക്ക് വേണ്ടിയും പാകിസ്ഥാന്‍ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്താനും ഇത് ശരിയായ സമയമാണെന്ന് എനിക്ക് തോന്നുന്നു,’ ആമിര്‍ പറഞ്ഞു.
മണിക്കൂറില്‍ 145 കിലോമീറ്ററിന് മുകളില്‍ പന്തെറിയുന്ന പാകിസ്ഥാന്റെ മികച്ച ബൗളറായിരുന്നു ആമിര്‍. ശ്രീലങ്കയ്ക്കെതിരായ 2009 ഐ.സി.സി ടി-20 ലോകകപ്പ് ഫൈനലില്‍ മണിക്കൂറില്‍ 152 കിലോമീറ്റര്‍ എന്ന വേഗതയില്‍ തന്റെ ഏറ്റവും വേഗമേറിയ ബൗളിങ് പ്രകടനം രേഖപ്പെടുത്താനും താരത്തിന് സാധിച്ചു.
Content Highlight: Pakistan Fast Bowler Mohammad Amir Retire In International Cricket