ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ ത്രില്ലിങ് എന്‍കൗണ്ടറില്‍ നാല് വിക്കറ്റിന് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. അവസാന പന്തുവരെ നീണ്ട മത്സരത്തില്‍ ആര്‍. അശ്വിന്റെ സിംഗിളിലൂടെയാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.
അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയരുന്നത് 16 റണ്‍സായിരുന്നു. സിനിമയെ കവച്ചുവെക്കുന്ന മാച്ച് എന്‍ഡിങ്ങായിരുന്നു മത്സരത്തിലേത്.
20ാം ഓവറിലെ ആദ്യ പന്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെ ഞെട്ടിച്ചിരുന്നു. ഹര്‍ദിക് പാണ്ഡ്യയെ ബാബര്‍ അസമിന്റെ കൈകളിലെത്തിച്ച് വിരാട്-ഹര്‍ദിക് കൂട്ടുകെട്ട് പൊളിച്ച് നവാസ് പാകിസ്ഥാന് പ്രതീക്ഷ നല്‍കി.
ശേഷം ക്രീസിലെത്തിയ ദിനേഷ് കാര്‍ത്തിക് നേരിട്ട ആദ്യ പന്തില്‍ തന്നെ സിംഗിളെടുത്ത് കോഹ്‌ലിക്ക് സ്‌ട്രൈക്ക് കൈമാറി. അടുത്ത പന്തില്‍ ഡബിളോടി വിരാട് സ്‌ട്രൈക്ക് നിലനിര്‍ത്തി.
ഓവറിലെ നാലാം പന്തില്‍ വിരാട് നവാസിനെ സിക്‌സറിന് തൂക്കി. ബൗണ്ടറി ലൈനില്‍ നിന്ന ഫീല്‍ഡര്‍ പന്ത് കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ വരികയായിരുന്നു. പാകിസ്ഥാന്റെ നെഞ്ചില്‍ വെള്ളിടി വെട്ടി ആ പന്ത് അമ്പയര്‍ നോ ബോള്‍ വിളിക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാന്‍ താരങ്ങള്‍ നോ ബോള്‍ കോളില്‍ പ്രതിഷേധം അറിയിച്ചെങ്കിലും അമ്പയര്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഫ്രീ ഹിറ്റ് ഡെലിവറി വൈഡ് ആയതോടെ എക്‌സ്ട്രാ ഇനത്തില്‍ ഒരു റണ്‍സ് ഇന്ത്യയുടെ അക്കൗണ്ടിലേക്കെത്തി.
പന്ത് വൈഡ് ആയതോടെ ഫ്രീ ഹിറ്റ് തുടരുകയായിരുന്നു. ഫ്രീ ഹിറ്റില്‍ മൂന്ന് റണ്‍സാണ് ബൈയിലൂടെ ഇന്ത്യ സ്വന്തമാക്കിയത്.
അടുത്ത പന്തില്‍ ദിനേഷ് കാര്‍ത്തിക്കിനെ പുറത്താക്കി നവാസ് മൊമെന്റം തിരിച്ചുപിടിച്ചു. അനാവശ്യ ഷോട്ടിന് ശ്രമിച്ച ദിനേഷ് കാര്‍ത്തിക്കിനെ റിസ്വാന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
ആര്‍. അശ്വിനായിരുന്നു അടുത്തതായി കളത്തിലെത്തിയത്. ഒരു പന്തില്‍ നിന്നും രണ്ട് റണ്‍സ് വേണമെന്നിരിക്കെ ദിനേഷ് കാര്‍ത്തിക്കിനെ പുറത്താക്കിയ അതേ തന്ത്രം നവാസ് അശ്വിന് നേരെയും പ്രയോഗിച്ചു.
എന്നാല്‍ തന്റെ അനുഭവ സമ്പത്തില്‍ നിന്നും ഇക്കാര്യം തിരിച്ചറിഞ്ഞ അശ്വിന്‍ അത് ലിവ് ചെയ്യുകയും വൈഡ് വഴി വിലപ്പെട്ട മറ്റൊരു റണ്‍സ് കൂടെ സ്വന്തമാക്കുകയുമായിരുന്നു.
ഒരു പന്തില്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ സിംഗിള്‍ നേടി അശ്വിന്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
എന്നാല്‍ ഇന്ത്യയുടെ വിജയത്തില്‍ പാകിസ്ഥാന്‍ ആരാധകര്‍ കട്ട കലിപ്പിലാണ്. അവസാന ഓവറിലെ നാലാം പന്ത് നോ ബോള്‍ വിളിച്ച അമ്പയര്‍മാരുടെ നിലപാടിനെതിരെയാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.
അമ്പയര്‍മാര്‍ ഇന്ത്യയുടെ ജയത്തിന് വേണ്ടിയാണ് കളിച്ചതെന്നും ഇവരെ ആജീവനനാന്തം അമ്പയറിങ്ങില്‍ നിന്നും വിലക്കണമെന്നും ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, ഒക്ടോബര്‍ 27നാണ് ഇന്ത്യയുടെ മത്സരം. നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍. അതേദിവസം തന്നെ പാകിസ്ഥാനും തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നുണ്ട്. സിംബാബ്‌വേയുമായാണ് ബാബറും സംഘവും ഏറ്റുമുട്ടുന്നത്.
Content Highlight: Pakistan fans criticize the umpiring in India vs Pakistan T20