| Saturday, 11th November 2023, 7:07 pm

ഇനിയിപ്പോ മുഴുവന്‍ കളിച്ചിട്ടും ജയിച്ചിട്ടും കാര്യമില്ലല്ലോ; 'തോറ്റ് പാകിസ്ഥാന്‍'

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ പാകിസ്ഥാന്റെ സെമി മോഹങ്ങള്‍ പൂര്‍ണമായി അവസാനിച്ചു. ഇംഗ്ലണ്ടിനെതിരായ മത്സരം പൂര്‍ത്തിയാകും മുമ്പേ സെമി മോഹങ്ങള്‍ അടിയറ വെച്ചാണ് പാകിസ്ഥാന്‍ 2023 ലോകകപ്പിനോട് വിടപറയുന്നത്.

നെറ്റ് റണ്‍ റേറ്റില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തണമെങ്കില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയലക്ഷ്യം 6.2 ഓവറില്‍ പാകിസ്ഥാന് മറികടക്കണമായിരുന്നു. എന്നാല്‍ അതിന് സാധിക്കാതെ വന്നതോടെയാണ് പാകിസ്ഥാന്‍ ലോകകപ്പിനോട് വിടപറയുന്നത്.

6.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് മാത്രമാണ് പാകിസ്ഥാന് നേടാന്‍ സാധിച്ചത്.

ലോകകപ്പിലെ അവസാന മത്സരത്തിനിറങ്ങിയ ബാബറിനും സംഘത്തിനും ആദ്യ ഓവറിലേ തിരിച്ചടി നേരിട്ടിരുന്നു. ഡേവിഡ് വില്ലിയെറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ പാകിസ്ഥാന്റെ ഭാവിയായി വിശേഷിപ്പിക്കപ്പെട്ട അബ്ദുള്ള ഷഫീഖിനെ പാക് പടയ്ക്ക് നഷ്ടമായി. വിക്കറ്റിന് മുമ്പില്‍ കുടുങ്ങി സില്‍വര്‍ ഡക്കായിട്ടായിരുന്നു ഷഫീഖ് പുറത്തായത്.

തന്റെ അടുത്ത ഓവറില്‍ ഫഖര്‍ സമാനെയും വില്ലി മടക്കി. ഒമ്പത് പന്തില്‍ ഒറ്റ റണ്‍സ് നേടി നില്‍ക്കവെ സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സിന് ക്യാച്ച് നല്‍കിയാണ് ഫഖര്‍ സമാന്‍ പുറത്തായത്.

നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ 30 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് പാകിസ്ഥാന്‍. 17 പന്തില്‍ നിന്നും 20 റണ്‍സുമായി ക്യാപ്റ്റന്‍ ബാബര്‍ അസവും 14 പന്തില്‍ എട്ട് റണ്‍സുമായി മുഹമ്മദ് റിസ്വാനുമാണ് ക്രീസില്‍.

നേരത്തെ ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തതോടെ പാകിസ്ഥാന്റെ വിധി പൂര്‍ണമായും തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌തെങ്കില്‍ മാത്രമായിരുന്നു പാകിസ്ഥാന് സെമിയില്‍ പ്രവേശിക്കാന്‍ അല്‍പമെങ്കിലും സാധ്യതയുണ്ടായിരുന്നത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് നേടിയത്.

സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സ്, മോഡേണ്‍ ഡേ ഗ്രേറ്റ് ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കാന്‍ സഹായിച്ചത്. സ്റ്റോക്സ് 76 പന്തില്‍ 84 റണ്‍സ് നേടിയപ്പോള്‍ റൂട്ട് 72 പന്തില്‍ 60 റണ്‍സും ബെയര്‍സ്റ്റോ 61 പന്തില്‍ 59 റണ്‍സും നേടി.

പാകിസ്ഥാനായി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഹീന്‍ ഷാ അഫ്രിദി, മുഹമ്മദ് വസീം ജൂനിയര്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ റണ്‍ ഔട്ടായപ്പോള്‍ ഇഫ്തിഖര്‍ അഹമ്മദാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

Content Highlight: Pakistan failed to qualify to the semi finals of 2023 world cup

We use cookies to give you the best possible experience. Learn more