2023 ലോകകപ്പിലെ സെമി ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കാതെ പുറത്തായി പാകിസ്ഥാന്‍. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതോടെയാണ് പാകിസ്ഥാന്റെ സെമി മോഹങ്ങള്‍ അസ്തമിച്ചത്.
യഥാര്‍ത്ഥത്തില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെടുന്നതിന് മുമ്പ്, ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ടോസ് ഇംഗ്ലണ്ടിന് അനുകൂലമായ നിമിഷം തന്നെ പാകിസ്ഥാന് സെമി ഫൈനല്‍ നഷ്ടമായിരുന്നു.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയലക്ഷ്യം 6.2 ഓവറില്‍ മറികടന്നെങ്കില്‍ മാത്രമായിരുന്നു പാകിസ്ഥാന് നെറ്റ് റണ്‍ റേറ്റില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് സെമിയില്‍ പ്രവേശിക്കാന്‍ സാധിക്കുക.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ പാക് പട 43.3 ഓവറില്‍ ഓള്‍ ഔട്ടാവുകയായിരുന്നു. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ആഘാ സല്‍മാനാണ് പാക് പടയുടെ ടോപ് സ്‌കോറര്‍.
സല്‍മാന്‍ അലി ആഘ 45 പന്തില്‍ 51 റണ്‍സ് നേടി ഡേവിഡ് വില്ലിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ബാബര്‍ അസം (45 പന്തില്‍ 38), മുഹമമ്ദ് റിസ്വാന്‍ (51 പന്തില്‍ 36), ഹാരിസ് റൗഫ് (23 പന്തില്‍ 35) എന്നിവരാണ് പാകിസ്ഥാന് വേണ്ടി സ്‌കോര്‍ ചെയ്തവര്‍.
ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് വില്ലി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആദില്‍ റഷീദ്, ഗസ് ആറ്റ്കിന്‍സണ്‍, മോയിന്‍ അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ക്രിസ് വോക്‌സാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
ഇതോടെ ലോകകപ്പിലെ അവസാന മത്സരത്തില്‍ വിജയിച്ചുകൊണ്ട് പടിയിറങ്ങാമെന്ന പാക് മോഹങ്ങള്‍ക്കും വിരാമമായി.
21 നൂറ്റാണ്ട് ഇത് ആറാം ലോകകപ്പിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇതില്‍ അഞ്ചിലും പാകിസ്ഥാന് സെമി ഫൈനല്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. 2003, 2007, 2015, 2019, 2023 എന്നീ ലോകകപ്പുകളിലാണ് പാകിസ്ഥാന് സെമി കളിക്കാന്‍ സാധിക്കാതെ വന്നത്.
2011 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യയെയായിരുന്നു പാകിസ്ഥാന്‍ നേരിട്ടത്. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ 29 റണ്‍സിനാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. 115 പന്തില്‍ 85 റണ്‍സ് നേടിയ സച്ചിനാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
സമീപകാലങ്ങളില്‍ നടന്ന മേജര്‍ ടൂര്‍ണമെന്റുകളിലെല്ലാം പാകിസ്ഥാന് തിരിച്ചടികള്‍ നേരിടേണ്ടി വരികയായിരുന്നു. ടി-20 ലോകകപ്പിന്റെ ഫൈനലിലും ഏഷ്യാ കപ്പിലുമെല്ലാം മുന്‍ ചാമ്പ്യന്‍മാര്‍ അമ്പേ പരാജയപ്പെടുകയായിരുന്നു. ഈ ലോകകപ്പില്‍ പാക് പടയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശ മാത്രമാണ് ബാബറും സംഘവും നല്‍കിയത്.
Content highlight: Pakistan failed to qualify to 2023 World Cup Semi Finals