ഇസ്‌ലാമാബാദ്: മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകുമെന്ന് സൂചനകള്‍. ഇമ്രാന്റെ പാര്‍ട്ടിയായ തെഹ്‌രീക്കെ ഇന്‍സാഫ് കേവല ഭൂരിപക്ഷത്തിലേക്കെന്നാണ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അന്തിമ ഫലപ്രഖ്യാപനം നീളുന്നത് ചില ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. എന്നാല്‍, സാങ്കേതിക തകരാറാണ് ഫലപ്രഖ്യാപനം നീളുന്നതിന് കാരണമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന് നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ മുസ്‌ലിം
ലീഗ് ആരോപിച്ചു. സൈന്യത്തിന്റെ പിന്തുണയുള്ള തെഹ്‌രീക്കെ ഇന്‍സാഫ് അധികാരത്തിലെത്തുമെന്ന സൂചനയാണ് ഇതുവരെയുള്ള ഫലപ്രഖ്യാപനം നല്‍കുന്നത്.
ദേശീയ അസംബ്ലിയില്‍ 272 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട സീറ്റ് നില 137 ആണ്. 120 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ചെറിയ കക്ഷികളുടെയും സ്വതന്ത്രന്മാരുടെയും പിന്തുണയോടെ അധികാരത്തിലെത്തുമെന്നാണ് കരുതുന്നത്.
പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് 60 സീറ്റുകളിലും ബേനസീര്‍ ബൂട്ടോയുടെ മകന്‍ ബിലാവല്‍ ബൂട്ടോ നേതൃത്വം നല്‍കുന്ന പി.പി.പി 40 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.. വൈകീട്ടോടെ അന്തിമഫലം പുറത്തുവരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.
തെരഞ്ഞെടുപ്പുഫലം അംഗീകരിക്കില്ലെന്നും പ്രക്ഷോഭം തെരുവിലേക്ക് വ്യാപിപ്പിക്കുമെന്നും നവാസ് ഷെരീഫിന്റെ സഹോദരനും പാക് മുസ്‌ലിം ലീഗ് അധ്യക്ഷനുമായ ഷഹബാസ് ഷെരീഫ് പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് വിജയത്തില്‍ സൈന്യത്തിന് നന്ദി പറഞ്ഞ് ഇമ്രാന്‍ ഖാന് രംഗത്തെത്തി. തന്റെ പാര്‍ട്ടി സര്‍ക്കാരുണ്ടാക്കുമെന്നും ഇമ്രാന്‍ പറഞ്ഞു. തെഹ്‌രീക്കെ ഇന്‍സാഫ് കേവലഭൂരിപക്ഷത്തിലേക്ക് എന്നതിന്റെ സൂചനകള്‍ പുറത്തുവന്നതിന്റെ പിന്നാലെയാണ് ഇമ്രാന്‍ഖാന്‍ മാധ്യമങ്ങളെ കണ്ടത്.
ജനാധിപത്യത്തെ ശക്തിപ്പെടുത്തും. മുഹമ്മദലി ജിന്നയുടെ സ്വപ്നം സാക്ഷാത്കരിക്കാനാണ് തന്റെ ശ്രമം. അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ചൈനയുമായി സൗഹൃദം ശക്തിപ്പെടുത്തുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.