ലാഹോര്‍: പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി പ്രഖ്യാപിച്ചു.
പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ അംഗമാകുന്നതില്‍ നിന്നാണ് ഇമ്രാന്‍ ഖാനെ അയോഗ്യനാക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനമെന്നാണ് റിപ്പോര്‍ട്ട്.
അഴിമതി ആരോപണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇമ്രാന്‍ ഖാനെ അയോഗ്യനാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏകകണ്ഠമായി തീരുമാനമെടുത്തത്.
പ്രധാനമന്ത്രിയായിരിക്കെ തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ ഇമ്രാന്‍ ഖാന്‍ സ്വകാര്യമായി വിറ്റ് പണമുണ്ടാക്കിയെന്ന ആരോപണത്തെ കമ്മീഷന്‍ ശരിവെച്ചു.
അതേസമയം, ഇലക്ഷന്‍ കമ്മീഷന്റെ തീരുമാനത്തെ തള്ളിക്കളഞ്ഞ ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹരീക് ഇ- ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടി, ഇതില്‍ പ്രതിഷേധിച്ച് അണികളോട് തെരുവിലിറങ്ങാനും ആഹ്വാനം ചെയ്തു.
ഇപ്പോഴത്തെ ഭരണകക്ഷിയായ പാകിസ്ഥാന്‍ മുസ്‌ലിം ലീഗിലെ (നവാസ്) (പി.എം.എല്‍.എന്‍) ഒരു നേതാവ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇമ്രാന്‍ ഖാനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ തീരുമാനം.
വിദേശത്തെ പല പ്രമുഖരില്‍ നിന്നും, സ്റ്റേറ്റ് ഗിഫ്റ്റ് ഡിപ്പോസിറ്ററിയില്‍ നിന്ന് (തോഷഖാന) ഇമ്രാന്‍ ഖാന്‍ ഗിഫ്റ്റുകള്‍ സ്വീകരിച്ചിരുന്നുവെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ ഇത്തരം സമ്മാനങ്ങളുടെയും സ്വത്തുക്കളുടെയും കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.
അതേസമയം, വിശദമായ വിധിന്യായത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും അതിന് ശേഷം ഇസ്‌ലാമാബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പി.ടി.ഐയുടെ ലീഗല്‍ ടീമിന്റെ ഭാഗമായ ഫൈസല്‍ ഫരീദ് ചൗധരി അല്‍ ജസീറയോട് പ്രതികരിച്ചു.
ഇക്കഴിഞ്ഞ ഏപ്രില്‍ 10ന് പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പി.എം.എല്‍.എന്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിന്മേല്‍ നടന്ന വോട്ടെടുപ്പില്‍ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നതോടെയായിരുന്നു ഇമ്രാന്‍ ഖാന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായത്.