ഇന്ത്യയോട് തോറ്റതോ പോട്ടെ, കുഞ്ഞൻ ടീമുകളോടും അടിപതറാന്‍ തുടങ്ങിയാല്‍ രണ്ടെണ്ണത്തിനേം എന്തിന് കൊള്ളാം; വിമര്‍ശനവുമായി ആരാധകര്‍
Cricket
ഇന്ത്യയോട് തോറ്റതോ പോട്ടെ, കുഞ്ഞൻ ടീമുകളോടും അടിപതറാന്‍ തുടങ്ങിയാല്‍ രണ്ടെണ്ണത്തിനേം എന്തിന് കൊള്ളാം; വിമര്‍ശനവുമായി ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th October 2022, 10:02 am

ടി-20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെ അട്ടിമറിക്കുകയായിരുന്നു സിംബാബ്‌വെ. അത്യന്തം ആവേശകരമായ മത്സരത്തില്‍ ഒരു റണ്‍സിനായിരുന്നു സിംബാബ്‌വെയുടെ വിജയം.

സിംബാബ്‌വെ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

യു.എ.ഇയില്‍ കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ തോറ്റതിന്റെ ക്ഷീണം മാറ്റാന്‍ ഓസ്‌ട്രേലിയയലേക്ക് കയറിയ ബാബറിനും കൂട്ടര്‍ക്കും തുടക്കത്തില്‍ തന്നെ വലിയ പ്രഹരമേറ്റിരിക്കുകയാണ്.

ആദ്യ മത്സരത്തില്‍ ഇന്ത്യയോട് ഇഞ്ചോടിഞ്ച് പൊരുതി വീണതിന്റെ ആക്കം മാറുന്നതിന് മുന്നേയാണ് സിംബാബ്‌വെയില്‍ നിന്ന് വലിയ തിരിച്ചടിയേറ്റിരിക്കുന്നത്. ഗ്രൂപ്പ് രണ്ടില്‍ ഒരു വിജയവും നേടാതെ അഞ്ചാം സ്ഥാനത്താണ് നിലവില്‍ പാകിസ്ഥാനുള്ളത്.

പാക് ഓപ്പണർമാരായ ബാബർ അസമിനും മുഹമ്മദ് റിസ്‌വാനുമെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കുഞ്ഞൻ ടീമായ സിംബാബ്‌വെയോട് പോലും ജയിക്കാനായില്ലെങ്കിൽ എങ്ങനെ മുന്നോട്ട് പോകുമെന്നാണ് ആരാധകർ ഉന്നയിക്കുന്ന ചോദ്യം.

ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും അടങ്ങുന്ന മികച്ച ബാറ്റിങ് നിരയും ഒപ്പം ഷഹീന്‍ അഫ്രീദിയുടെ നേതൃത്വത്തിലുള്ള കരുത്തേറിയ ബൗളിങ് നിരയുമായാണ് പാകിസ്ഥാന്‍ ഓസ്‌ട്രേലിയയിലേക്ക് കുതിച്ചത്.

എന്നാല്‍, വന്യമായ പേസ് ആക്രമണത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്ത് ആയത് പാക് സംഘത്തിന് തുടക്കത്തിലേ തിരിച്ചടിയായി.

ഇന്ത്യയുമായി നടന്ന ഏറ്റുമുട്ടലില്‍ ഗോള്‍ഡന്‍ ഡക്കായിട്ടായിരുന്നു പാക് നായകന്റെ തുടക്കം. തൊട്ടുപിന്നാലെ തന്നെ റിസ്വാനും മടങ്ങുകയായിരുന്നു. 12 പന്തില്‍ നിന്നും നാല് റണ്‍സുമായിട്ടായിരുന്നു പാക് ഓപ്പണറുടെ പുറത്താവല്‍.

ഇപ്പോളിതാ സിംബാബ്‌വെയോട് തോറ്റ് ലോകകപ്പിന്റെ പുറംവക്കിലെത്തി നില്‍ക്കുന്ന സാഹചര്യമുണ്ടായതാണ് ആരാധകരെ ക്ഷുഭിതരാക്കിയത്. ബാറ്റിങ് നിര പാടേ പരാജയപ്പെടുന്നതാണ് പാകിസ്ഥാനെ വലക്കുന്നത്.

ഓപ്പണര്‍മാരായ ബാബറും റിസ്‌വാനും ട്രാക്കിലെത്താത്തത് ടീമിനെ ഒന്നാകെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

സിംബാബ്‌വെക്കെതിരെ 131 റണ്‍സ് പോലും പിന്തുടര്‍ന്ന് വിജയിക്കാനാകാത്തത് ബാബറിനും സംഘത്തിനും വലിയ ക്ഷീണമാണ് ഉണ്ടാക്കിയിട്ടുള്ളത്.

സൂപ്പര്‍ സ്റ്റാറായി ലോകകപ്പിന് എത്തിയ ഷഹീന്‍ അഫ്രീദിക്ക് ഇതുവരെ ഒരു വിക്കറ്റ് പോലും നേടാനും സാധിച്ചിട്ടില്ല എന്നതും പാകിസ്ഥാന്റെ പരാജയമാണ്.

ഒക്ടോബര്‍ 30 ഞായറാഴ്ച നെതര്‍ലാന്‍ഡ്‌സുമായാണ് പാകിസ്ഥാന്റെ അടുത്ത മത്സരം.

Content Highlights: Pakistan duo Babar Azam and Mohammed Rizwan perform very bad form in T20 world cup 2022, citicizes fans