പെഷവാര്‍: ഒസാമ ബിന്‍ ലാദനെ കണ്ടെത്താനും കൊല്ലാനും അമേരിക്കന്‍ ഇന്റലിജന്‍സിനെ സഹായിച്ച പാകിസ്താനി ഡോക്ടറെ സുരക്ഷാ കാരണങ്ങളെ മുന്‍നിര്‍ത്തി അജ്ഞാത സ്ഥലത്തേക്ക് മാറ്റിയതായി പാക് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡോക്ടറെ അജ്ഞാത സ്ഥലത്തേക്ക് മാറ്റിയെന്ന പാകിസ്താന്‍ റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ കുടുംബാംഗം ശെരിവെക്കുകയും ചെയ്തു.
ബിന്‍ ലാദനെ കണ്ടെത്താന്‍ സി.ഐ.എയെ സഹായിച്ച ഡോ. ശക്കീല്‍ അഫ്രീദി വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ ജയിലിലായിരുന്നു. നിരോധിക്കപ്പെട്ട സംഘടനയോട് സഹകരിച്ചു എന്നാരോപിച്ചായിരുന്നു കഴിഞ്ഞ എട്ട് വര്‍ഷക്കാലം അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചത്. പെഷവാറിലെ സെന്‍ട്രല്‍ ജയിലില്‍ അഫ്രീദി ഏകാന്ത തടവില്‍ കഴിയുകയായിരുന്നുവെന്ന് അഫ്രീദിയുടെ അഭിഭാഷകന്‍ ഖമര്‍ നദി പറഞ്ഞു.
പാകിസ്താനിലെ ചാര ഏജന്‍സിയായ ഇന്റര്‍ സര്‍വീസെസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ) അഫ്രീദിയെ കുടുതല്‍ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിയിരിക്കുകയാണെന്ന് ഒരു മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥന്‍ എ.എഫ്.പി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അഫ്രീദിയെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റിയതായി സഹോദരന്‍ ജമീല്‍ അഫ്രീദിയാണ് സ്ഥിരീകരിച്ചത്.
പെഷവാറിലെ ജയിലില്‍ താലിബാന്‍ തടവുകാരുടെ സാന്നിധ്യമുള്ളതിനാല്‍ പ്രൊവിന്‍സിയല്‍ ഗവര്‍ണ്‍മെന്റാണ് അഫ്രീദിയെ സ്ഥലം മാറ്റാന്‍ ആവശ്യപ്പെട്ടത്.
Watch DoolNews Video: