| Tuesday, 26th September 2023, 1:00 pm

കഴിഞ്ഞ 25 വര്‍ഷത്തില്‍ കെനിയക്ക് വരെ രണ്ടെണ്ണം കിട്ടി, ഒന്നുപോലും ഇല്ലാതെ പാകിസ്ഥാന്‍; 2025നായി കാത്തിരിപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

2011ന് ശേഷം ഇന്ത്യ വീണ്ടും ഐ.സി.സി ഏകദിന ലോകകപ്പിന് വേദിയാവുകയാണ്. ഇതാദ്യമായാണ് ഇന്ത്യ ബിഗ് ഇവന്റിന് ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഇതിന് മുമ്പ് ഇന്ത്യ ലോകകപ്പിന് വേദിയായപ്പോള്‍, അതായത് 2011 ലോകകപ്പില്‍ ഇന്ത്യക്കൊപ്പം ശ്രീലങ്കയും ബംഗ്ലാദേശും ആതിഥേയത്വം വഹിച്ചിരുന്നു.

ഇതിന് മുമ്പ് 2006ലാണ് ഇന്ത്യ മറ്റൊരു ഐ.സി.സി ബിഗ് ഇവന്റിന് വേദിയായത്. ചാമ്പ്യന്‍സ് ട്രോഫിയായിരുന്നു അന്ന് ഇന്ത്യയില്‍ നടന്നത്. ഇതുള്‍പ്പടെ കഴിഞ്ഞ 25 വര്‍ഷത്തിനിടെ എട്ടോളം ഐ.സി.സി ഇവന്റുകള്‍ക്കാണ് ഇന്ത്യ ആതിഥേയത്വം വഹിച്ചത്.

ഇന്ത്യക്ക് പുറമെ ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും എട്ട് വീതം തവണ വനിതാ ക്രിക്കറ്റ് അടക്കമുള്ള ഐ.സി.സി ബിഗ് ഇവന്റുകള്‍ക്ക് വേദിയായി. അഞ്ച് തവണ വീതം ഓസ്‌ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് വെസ്റ്റ് ഇന്‍ഡീസ് എന്നീ രാജ്യങ്ങളും വേദിയൊരുക്കി.

വെയ്ല്‍സ് മൂന്ന് തവണയും കെനിയ രണ്ട് തവണയും ഐ.സി.സി ഇവന്റുകള്‍ക്ക് ആതിഥേയത്വം വഹിച്ചപ്പോള്‍ സിംബാബ്‌വേ, മലേഷ്യ, യു.എ.ഇ എന്നിവര്‍ ഓരോ തവണ വീതം വിവിധ ടൂര്‍ണമെന്റുകളില്‍ വേദിയായി.

കഴിഞ്ഞ 25 വര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും പാകിസ്ഥാന് ഐ.സി.സി ഇവന്റ് സംഘടിപ്പിക്കാനുള്ള യോഗമുണ്ടായിരുന്നില്ല. 1996 ലോകകപ്പിലാണ് പാകിസ്ഥാന്‍ അവസാനമായി ഒരു ഐ.സി.സി വേള്‍ഡ് കപ്പിന് ആതിഥേയത്വം വഹിച്ചത്. അന്ന് ശ്രീലങ്കക്കും ഇന്ത്യക്കുമൊപ്പമായിരുന്നു പാകിസ്ഥാനും ലോകകപ്പിന്റെ സംഘാടകരില്‍ ഒരാളായത്.

1996 ലോകകപ്പിന്റെ ഫൈനലില്‍ മൈറ്റി ഓസീസിനെ പരാജയപ്പെടുത്തി അര്‍ജുന രണതുംഗയും കപ്പുയര്‍ത്തിയത് പാകിസ്ഥാനിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു.

ഇതിന് മുമ്പ് 1987 ലോകകപ്പിനും പാകിസ്ഥാന്‍ ഇന്ത്യക്കൊപ്പം ആതിഥേയത്വം വഹിച്ചിരുന്നു.

2025ല്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്ഥാനാണ് വേദിയാകുന്നത്. ആതിഥേയര്‍ എന്ന രീതിയില്‍ പാകിസ്ഥാന്‍ മാത്രമാണ് ഇതുവരെ ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയിരിക്കുന്നത്.

2017ല്‍ ഇംഗ്ലണ്ടും വേല്‍സും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റില്‍ വിജയിച്ചത് പാകിസ്ഥാനായിരുന്നു. ഏറെ കാലമായി തങ്ങളുടെ മണ്ണിലെത്താതിരുന്ന ഐ.സി.സി ഇവന്റിന് വേദിയാകുമ്പോള്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍സ് എന്ന പദവിയും പാകിസ്ഥാനുണ്ടാകും.

നിലവിവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2025 ഫെബ്രുവരിയിലാണ് ടൂര്‍ണമെന്റ് നടക്കുക.

Content Highlight: Pakistan didn’t host any ICC events in past 25 years

We use cookies to give you the best possible experience. Learn more