ന്യൂദല്‍ഹി: മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂറിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചു. ഇതിനോടകം 3,000 കിലോമീറ്റര്‍ യാത്ര പിന്നിട്ട ശിഹാബ് പഞ്ചാബിലെ വാഗ അതിര്‍ത്തിയില്‍ 15 ദിവസത്തോളം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ എത്തിയാലുടന്‍ വിസ നല്‍കാമെന്ന് ദല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസി നേരത്തെ ഉറപ്പുനല്‍കിയിരുന്നതാണെന്നും അതുകൊണ്ടാണ് വിസ നേരത്തെ സെറ്റ് ചെയ്യാതിരുന്നതെന്നാണ് പഞ്ചാബ് ഷാഹി ഇമാം മൗലാന മുഹമ്മദ് ഉസ്മാന്‍ റഹ്മാനി വാര്‍ത്താ സമ്മേളനത്തിൽ അറിയിക്കുന്നത്.
നേരത്തെ വിസ അനുവദിച്ചാല്‍ അതിന്റെ കാലാവധി അവാസനിക്കുമെന്ന് പറഞ്ഞാണ് പാക് എംബസി വിസ അനുവദിക്കാതിരുന്നത്. എന്നാല്‍ ശിഹാബ് ചോറ്റൂര്‍ വാഗ അതിര്‍ത്തിയില്‍ എത്തിയതിന് പിന്നാലെ വിസക്ക് അപേക്ഷിച്ചപ്പോള്‍ നിരസിച്ചിരിക്കുകയാണ്.
പാകിസ്ഥാന വിസ നിഷേധിച്ചതോടെ ചൈന വഴി സൗദി അറേബ്യയിലേക്കുള്ള യാത്ര തുടരാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ശിഹാബ് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടാന്‍ ഒരുങ്ങുകയാണ്.
കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് മലപ്പുറത്തെ പുത്തനത്താണി ആതവാനാട്ടിലെ വീട്ടില്‍ നിന്ന് ഹജ്ജ് കര്‍മം ലക്ഷ്യമിട്ട് ശിഹാബ് ചോറ്റൂര്‍ നടക്കാന്‍ തുടങ്ങിയത്.
ശിഹാബിന്റെ യാത്ര തിങ്കളാഴ്ച 124 ദിവസം പിന്നിട്ടിരുന്നു. സെപ്റ്റംബര്‍ ഏഴിന് പഞ്ചാബിലെത്തിയ ശിഹാബ് വാഗ അതിര്‍ത്തിക്കടുത്തുള്ള ഖാസയിലാണുള്ളത്.
ഇന്ത്യയില്‍ നിന്ന് പാകിസ്ഥാന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെ കടന്നുപോയി
സൗദി അറേബ്യയില്‍ പ്രവേശിക്കാനാണ് ഇദ്ദേഹത്തിന്റ പദ്ധതി. എണ്ണായിരം കിലോമീറ്ററിലധികം ദൂരമുണ്ട് മലപ്പുറത്ത് നിന്ന് മക്കയിലേക്ക്.
CONTENT HIGHLIGHTS: Pakistan denies visa to Shihab Chotoor who left Malappuram for Hajj on foot