ന്യൂദല്‍ഹി: മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂരിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചു. പാകിസ്ഥാനിലേക്ക് പ്രവേശനാനുമതി തേടി സമര്‍പ്പിച്ച അപേക്ഷയാണ് ലാഹോര്‍ ഹൈക്കോടതി തള്ളിയത്.
ലാഹോര്‍ ഹൈക്കോടതി വിധിയെ ഉദ്ധരിച്ച് പാകിസ്ഥാന്‍ മാധ്യമമായ ഡോണ്‍(Dawn)ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതിനോടകം 3,000 കിലോമീറ്റര്‍ യാത്ര പിന്നിട്ട ശിഹാബ് പാകിസ്ഥാന്‍ വിസ നിഷേധിച്ചതിനാല്‍ പഞ്ചാബിലെ വാഗ അതിര്‍ത്തിയില്‍ കുടുങ്ങിയിരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ശിഹാബിനു വേണ്ടി പാക് പൗരനായ സര്‍വാര്‍ താജ് എന്ന വ്യക്തിയാണ് ലാഹോര്‍ കോടതില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇന്ത്യന്‍ പൗരനായ ശിഹാബിന് കോടതിയെ സമീപിക്കാനുള്ള അധികാരമുണ്ടായിരുന്നില്ല.
ബാബ ഗുരുനാനക്കിന്റെ ജന്മദിനത്തോടും മറ്റും അനുബന്ധിച്ച് ഇന്ത്യന്‍ സിഖുകാര്‍ക്ക് പാകിസ്ഥാന്‍ വിസ നല്‍കാറുണ്ട്. സമാനമായി ശിഹാബിനും വിസ നല്‍കണമെന്നായിരുന്നു ഹരജിക്കാരന്റെ വാദം.
എന്നാല്‍ ഹരജി തള്ളിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ തീരുമാനത്തെ ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാല്‍, ജസ്റ്റിസ് മുസാമില്‍ അക്തര്‍ ഷബീര്‍ എന്നിവരടങ്ങുന്ന ലാഹോര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയതെന്നും ഡോണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹരജിയില്‍ ഇന്ത്യന്‍ പൗരന്റെ പൂര്‍ണമായ വിശദാംശങ്ങളില്ലെന്ന് വിധിയില്‍ പറയുന്നു. ഹരജിക്കാരന് ഇന്ത്യന്‍ പൗരനുമായി ബന്ധമില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി, കോടതിയുടെ സമീപിക്കാനുള്ള പവര്‍ ഓഫ് അറ്റോര്‍ണിയും ഹരജിക്കാരന്റെ കൈവശമില്ലെന്നും ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് മലപ്പുറത്തെ പുത്തനത്താണി ആതവാനാട്ടിലെ വീട്ടില്‍ നിന്ന് ഹജ്ജ് കര്‍മം ലക്ഷ്യമിട്ട് ശിഹാബ് ചോറ്റൂര്‍ നടക്കാന്‍ തുടങ്ങിയത്.
ശിഹാബിന്റെ യാത്ര തിങ്കളാഴ്ച 124 ദിവസം പിന്നിട്ടിരുന്നു. സെപ്റ്റംബര്‍ ഏഴിന് പഞ്ചാബിലെത്തിയ ശിഹാബ് വാഗ അതിര്‍ത്തിക്കടുത്തുള്ള ഖാസയിലാണുള്ളത്.
ഇന്ത്യയില്‍ നിന്ന് പാകിസ്ഥാന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെ കടന്നുപോയി
സൗദി അറേബ്യയില്‍ പ്രവേശിക്കാനായിരുന്നു ഇദ്ദേഹത്തിന്റ പദ്ധതി. എണ്ണായിരം കിലോമീറ്ററിലധികം ദൂരമുണ്ട് മലപ്പുറത്ത് നിന്ന് മക്കയിലേക്ക്.
CONTENT HIGHLIGHT: Pakistan denies visa to Shihab Chotoor who left Malappuram for Hajj on foot