| Saturday, 7th September 2019, 5:45 pm

രാഷ്ട്രപതിയുടെ വിമാനത്തിന് പാക് വ്യോമപാതയില്‍ക്കൂടി പോകാനാകില്ല; ഇന്ത്യയുടെ പെരുമാറ്റമാണ് കാരണമെന്ന് പാക്കിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരായ അടുത്ത നീക്കവുമായി പാക്കിസ്ഥാന്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിമാനത്തിനു പാക് വ്യോമപാതയില്‍ പ്രവേശനാനുമതി നിഷേധിച്ചതാണ് പാക്കിസ്ഥാന്റെ ഏറ്റവും പുതിയ നീക്കം.

രാഷ്ട്രപതിയുടെ ഐസ്‌ലന്‍ഡ് യാത്രയ്ക്കാണു വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ചത്.

അനുമതിക്കായി ഇന്ത്യ സമീപിച്ചിരുന്നെന്നും എന്നാല്‍ കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിനെത്തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യമാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്ന് പാക് വിദേശകാര്യ മന്ത്രി മെഹ്മൂദ് ഖുറേഷി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഐസ്‌ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്ലൊവേനിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ നാളെയാണു രാഷ്ട്രപതി പുറപ്പെടുന്നത്.

നയതന്ത്ര കാര്യങ്ങളില്‍ ഇന്ത്യയുടെ സമീപകാലത്തെ പെരുമാറ്റമാണ് ഈ നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നു ഖുറേഷി പറഞ്ഞു. ഇങ്ങനെയൊരു അസാധാരണമായ തീരുമാനമെടുക്കുന്നതിനു പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാലാകോട്ട് വ്യോമാക്രമണത്തിനു ശേഷം ഏറെനാള്‍ പാക് വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്കു മുന്നില്‍ അടഞ്ഞുകിടന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാക് വ്യോമപാത അടച്ചതുകൊണ്ട് എയര്‍ ഇന്ത്യക്കു പ്രതിദിനം 13 ലക്ഷം രൂപ നഷ്ടം സംഭവിച്ചതായി നേരത്തേ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

ബാലാകോട്ട് സംഭവത്തിലെ പ്രതിഷേധത്തിന്റെ ഭാഗമായി അടച്ച വ്യോമപാത കഴിഞ്ഞമാസമാണു പൂര്‍ണമായി തുറന്നിരുന്നത്.

We use cookies to give you the best possible experience. Learn more