| Friday, 11th September 2020, 1:09 pm

കുല്‍ഭൂഷന്‍ ജാദവിന് ഇന്ത്യന്‍ അഭിഭാഷകനെ നിയമിക്കില്ല; അപേക്ഷ തള്ളി പാകിസ്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരനും വിരമിച്ച നേവി ഓഫീസറുമായ കുല്‍ഭൂഷന്‍ ജാദവിന് അഭിഭാഷകനെ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി പാകിസ്താന്‍. ഇന്ത്യയുടെ ആവശ്യം അംഗീകരിക്കണമെങ്കില്‍ പാകിസ്താന് തദ്ദേശീയ നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടി വരും.

ജാദവ് വിഷയത്തില്‍ അകാരണമായ ഒരാവശ്യവും അംഗീകരിച്ച് തരില്ലെന്ന് പാക് വിദേശ കാര്യ വക്താവ് സഹീദ് ഹഫീസ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. പാക് കോടതിയുമായി സഹകരിക്കുകയല്ലാതെ ഇന്ത്യയ്ക്ക് മറ്റൊരു വഴിയും ഇല്ലെന്നും ചൗധരി വ്യക്തമാക്കി.

കുല്‍ഭൂഷന്‍ ജാദവിന് കേസിനായി മൂന്ന് അഭിഭാഷകരെ നിയമിച്ച് നല്‍കണമെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി പാകിസ്താന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ശേഷം വിചാരണ ഒക്ടോബര്‍ മൂന്ന് വരെ നീട്ടി വെക്കുകയും ചെയ്തിരുന്നു.

ഇതിനിടയിലാണ് ഇന്ത്യയുടെ ആവശ്യം തള്ളിക്കൊണ്ടുള്ള തീരുമാനം വന്നത്. കുല്‍ഭൂഷന്‍ ജാദവിനെ പുറത്ത് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചിട്ടുണ്ട്.

വിരമിച്ച ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ സൈനിക കോടതി 2017 ഏപ്രിലില്‍ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ചാരവൃത്തി, ഭീകരവാദം എന്നിവയാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

2016 മാര്‍ച്ച് മൂന്നിനാണ് ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്ന് ജാദവിനെ പാക്‌സേന അറസ്റ്റ് ചെയ്തത്. നാവിക സേനയില്‍ നിന്നും വിരമിച്ച കുല്‍ഭൂഷണ്‍ ജാദവ് ഇറാനില്‍ ബിസിനസ് ആവശ്യത്തിന് പോയിടത്തു നിന്നും തട്ടിക്കൊണ്ടു പോവുകയായായിരുന്നെന്നാണ് ഇന്ത്യ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pakistan denies India’s request to allow Indian lawyer to represent Kulbhushan Jadhav

We use cookies to give you the best possible experience. Learn more