2025ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച. സുരക്ഷ പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യ പാകിസ്ഥാനില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ഇന്ത്യ മുന്നോട്ട് വെച്ച ഹൈബ്രിഡ് മാതൃക ഒഴിവാക്കാന്‍ പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ഇന്ത്യയുടെ തീരുമാനം ഇത്തരത്തിലാണെങ്കില്‍ 2031 വരെ ഇന്ത്യയില്‍ നടക്കുന്ന ഐ.സി.സി ഇവന്റില്‍ പാകിസ്ഥാനും ഹൈബ്രിഡ് മാതൃക വേണ്ടിവരുമെന്നും പാകിസ്ഥാന്‍ ബോര്‍ഡ് പറഞ്ഞിരുന്നു.
ഐ.സി.സി.യുടെ പുതിയ ചെയര്‍മാനായി സ്ഥാനമേറ്റ ജയ് ഷായുടെ ആദ്യ മീറ്റിങ്ങില്‍ ചാമ്പ്യന്‍സ് ട്രോഫിയെക്കുറിച്ച് സംസാരിക്കാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ മീറ്റിങ്ങില്‍ പാകിസ്ഥാന്‍ പ്രതിനിധികള്‍ പങ്കെടുത്തില്ലായിരുന്നു. അത് കൊണ്ട് ഇന്നത്തെ മീറ്റിങ് ഡിസംബര്‍ ഏഴാം തീയതിയിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്.
ഇന്നത്തെ മീറ്റിങ്ങിലെ പ്രധാന ചര്‍ച്ച വിഷയം പാകിസ്ഥാന്‍ ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്റ് നടത്തുമോ ഇല്ലയോ എന്നുള്ളതായിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുമ്പ് പറഞ്ഞ ഉപാധികള്‍ ഐ.സി.സി അംഗീകരിച്ചാല്‍ മാത്രമേ അവര്‍ അതിന് സമ്മതിക്കുകയുള്ളു എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ കാര്യത്തിനോട് ബി.സി.സി.ഐയും ഐസിസിയും എതിര്‍പ്പാണ് ഉണ്ടായിട്ടുള്ളത്.
ചാമ്പ്യന്‍സ് ട്രോഫിയുടെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ത്യ യോഗ്യത നേടിയില്ലെങ്കില്‍ ഈ മത്സരങ്ങളുടെ വേദി പാകിസ്ഥാന്‍ തന്നെയാവണമെന്നാണ് അവര്‍ മുന്നോട്ട് വെച്ച ആദ്യ ഉപാധി. 2031 വരെ ഇന്ത്യയില്‍ നടക്കുന്ന എല്ലാ ഐ.സി.സി ടൂര്‍ണമെന്റുകളും ഹൈബ്രിഡ് മോഡലില്‍ നടത്തണമെന്നാണ് പാകിസ്ഥാന്റെ രണ്ടാമത്തെ ഉപാധി.
2025 ഐ.സി.സിയുടെ വാര്‍ഷിക വരുമാനത്തില്‍ കൂടുതല്‍ തുക പാകിസ്ഥാന് നല്‍കണം എന്നാണ് പി.സി.ബി മുന്നോട്ട് വെച്ച മൂന്നാമത്തെ ഉപാധി. നിലവില്‍ അടുത്ത മീറ്റിങ്ങില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.
Content Highlight: Pakistan Denied Meeting With ICC Chairman Jai Shah