| Friday, 25th August 2023, 8:26 am

പഠിച്ച പണി പതിനെട്ടും നോക്കി, അവസാനം ദേ ഇതും... പടിക്കല്‍ കലമുടച്ച് അഫ്ഗാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിന് മുന്നോടിയായി അഫ്ഗാനിസ്ഥാനെതിരെയുള്ള ബൈലാറ്ററല്‍ സീരീസില്‍ പരമ്പര സ്വന്തമാക്കി പാകിസ്ഥാന്‍. മഹീന്ദ രാജപക്‌സെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് മൂന്നാം മത്സരത്തിന് മുമ്പ് പാകിസ്ഥാന്‍ പരമ്പര സ്വന്തമാക്കിയത്.

അഫ്ഗാന്‍ ഉയര്‍ത്തിയ 301 റണ്‍സിന്റെ വിജയലക്ഷ്യം 49.5 ഓവറില്‍ പാകിസ്ഥാന്‍ മറികടക്കുകയായിരുന്നു. വിജയിക്കുമെന്ന് തോന്നിച്ച ശേഷമായിരുന്നു അഫ്ഗാന്റെ തോല്‍വി.

അവസാന ഓവറില്‍ 11 റണ്‍സായിരുന്നു പാകിസ്ഥാന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. 35 പന്തില്‍ 48 റണ്‍സ് നേടിയ ഷദാബ് ഖാനും ഒരു പന്തില്‍ ഒരു റണ്‍സുമായി നസീം ഷായുമായിരുന്നു ക്രീസിലുണ്ടായിരുന്നത്.

ഫസലാഖ് ഫാറൂഖിയുടെ ഓവറിലെ ആദ്യ പന്തില്‍ തന്നെ സ്‌ട്രൈക്കിലെത്താനുറച്ച ഷദാബ് ഖാന് പിഴച്ചു. പന്തെറിയും മുമ്പേ ക്രീസ് വിട്ടോടിയ ഷദാബിനെ ഫാറൂഖി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ റണ്‍ ഔട്ടാക്കുകയായിരുന്നു. ഒമ്പതാം വിക്കറ്റായാണ് ഖാന്‍ മടങ്ങിയത്.

ഇതോടെ പാകിസ്ഥാന്‍ വീണ്ടും പരുങ്ങലിലായി. അവസാനക്കാരനായി ഹാരിസ് റൗഫാണ് കളത്തിലെത്തിയത്. എന്നാല്‍ തോറ്റുകൊടുക്കാന്‍ നസീം ഷാ ഒരുക്കമായിരുന്നില്ല.

50ാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടിക്കൊണ്ടായിരുന്നു ഷാ തുടങ്ങിയത്. അടുത്ത പന്തില്‍ റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. മൂന്നാം പന്തില്‍ സിംഗിള്‍ നേടിയ നസീം ഷാ സ്‌ട്രൈക്ക് ഹാരിസ് റൗഫിന് കൈമാറി.

നേരിട്ട ആദ്യ പന്ത് തന്നെ ഡീപ് മിഡ്‌വിക്കറ്റിലൂടെ തഴുകിവിട്ട റൗഫ് മൂന്ന് റണ്‍സ് ഓടിയെടുത്തു. നസീം ഷാ വീണ്ടും സ്‌ട്രൈക്കില്‍. അഞ്ചാം പന്തില്‍ ഷാ ബൗണ്ടറി നേടിയതോടെ ഒരു പന്ത് ബാക്കി നില്‍ക്കെ പാകിസ്ഥാന്‍ വിജയവും പരമ്പരയും സ്വന്തമാക്കുകയായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. ഓപ്പണറായി സെഞ്ച്വറി തികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ ഇന്നിങ്‌സിന്റെ ബലത്തിലാണ് അഫ്ഗാന്‍ സിംഹങ്ങള്‍ മികച്ച സ്‌കോറിലേക്കുയര്‍ന്നത്.

151 പന്തില്‍ നിന്നും 151 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇതിനൊപ്പം 101 പന്തില്‍ 80 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാനും മികച്ച പിന്തുണ നല്‍കിയതോടെ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ 300 റണ്‍സ് എന്ന നിലയിലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനായി ഇമാം ഉള്‍ ഹഖും ഫഖര്‍ സമാനും തകര്‍ത്തടിച്ചു. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഫഖര്‍ പുറത്തായി. 34 പന്തില്‍ 30 റണ്‍സാണ് താരം നേടിയത്.

വണ്‍ ഡൗണായി ക്രിസിലെത്തിയ ബാബറും മോശമാക്കിയില്ല. 66 പന്തില്‍ നിന്നും ആറ് ബൗണ്ടറിയുടെ അകമ്പടിയോടെ 53 റണ്‍സാണ് താരം നേടിയത്.

ആദ്യ മത്സരത്തിലേതെന്ന പോലെ ഇമാം ഉള്‍ ഹഖിന്റെ ചുമലിലേറിയാണ് പാകിസ്ഥാന്‍ യഥാര്‍ത്ഥത്തില്‍ വിജയത്തിലേക്ക് നടന്നുകയറിയത്. 105 പന്തില്‍ 91 റണ്‍സടിച്ചാണ് താരം പുറത്തായത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഷദാബ് ഖാനും വിജയത്തില്‍ നിര്‍ണായകമായി.

ഓഗസ്റ്റ് 26നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് വേദി.

Content highlight: Pakistan defeats Afghanistan in 2nd ODI

Latest Stories

We use cookies to give you the best possible experience. Learn more