ചരിത്രനേട്ടവുമായി ബാബര്‍ അസം; കിവീസിനെ വീഴ്ത്തി പാക് പട
ICC WORLD CUP 2019
ചരിത്രനേട്ടവുമായി ബാബര്‍ അസം; കിവീസിനെ വീഴ്ത്തി പാക് പട
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th June 2019, 12:01 am

ബിര്‍മിങ്ഹാം: വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിനെ മറികടന്ന് ബാബര്‍ അസം കളം നിറഞ്ഞാടിയപ്പോള്‍ ലോകകപ്പ് സെമി സാധ്യതകള്‍ നിലനിര്‍ത്തി പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെതിരേ ആധികാരികജയം നേടി. ബിര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ അഞ്ച് പന്ത് ബാക്കിനില്‍ക്കെ ആറ് വിക്കറ്റിനായിരുന്നു പാക് പടയുടെ വിജയം.

റിച്ചാര്‍ഡ്‌സിനെ മറികടന്ന് ഏകദിനത്തില്‍ ഏറ്റവും വേഗം മൂവായിരം റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ രണ്ടാമനായ അസം, മത്സരത്തില്‍ തന്റെ കരിയറിലെ പത്താം സെഞ്ചുറി നേടി. 127 പന്തില്‍ 11 ഫോറുകളടക്കമാണ് അസം 101 റണ്‍സ് നേടിയത്.

76 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സറും അടക്കം 68 റണ്‍സ് നേടിയ ഹാരിസ് സൊഹെയ്ല്‍ അസമിനു മികച്ച പിന്തുണ നല്‍കി.

110 റണ്‍സ് എടുത്തുനില്‍ക്കെ മൂന്നാം വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാനെ നാലാം വിക്കറ്റില്‍ 126 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് അസമും സൊഹെയ്‌ലും വിജയത്തിലേക്കു നയിച്ചത്. ജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം ബാക്കിനില്‍ക്കെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. അസം അവസാനപന്ത് വരെ കളത്തിലുണ്ടായിരുന്നു.

നേരത്തേ ടോസ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആദ്യ അഞ്ച് വിക്കറ്റുകള്‍ 83 റണ്‍സിനു നഷ്ടപ്പെട്ട അവര്‍ തകര്‍ന്നടിയുകയാണെന്ന തോന്നലാണ് ആദ്യമുണ്ടാക്കിയത്.

ഏഴാമനായിറങ്ങിയ ജെയിംസ് നീഷാം എട്ടാമനായിറങ്ങിയ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം എന്നിവര്‍ ചേര്‍ന്ന് ആറാം വിക്കറ്റില്‍ തീര്‍ത്ത 132 റണ്‍സിന്റെ കൂട്ടുകെട്ടാണ് കളിയില്‍ ഭേദപ്പെട്ട സ്‌കോറിലേക്ക് അവരെ നയിച്ചത്.

112 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സറും നേടിയ നീഷാമിന് അര്‍ഹിച്ച സെഞ്ചുറിക്ക് മൂന്ന് റണ്‍സ് അകലെ (97) കളി അവസാനിപ്പിക്കേണ്ടിവന്നു. ഗ്രാന്‍ഡ്‌ഹോം 64 റണ്‍സ് നേടി.

പാക്കിസ്ഥാനു വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷാഹിന്‍ അഫ്രീദി, ഓരോ വിക്കറ്റ് വീഴ്ത്തിയ ഷദാബ് ഖാന്‍, മുഹമ്മദ് ആമിര്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

കിവീസിനു വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഈ ജയത്തോടെ പാക്കിസ്ഥാന്‍ മൂന്നു ജയവുമായി ആറാംസ്ഥാനത്തെത്തി. കിവീസ് ഇപ്പോഴും രണ്ടാംസ്ഥാനത്താണ്. വരുംമത്സരങ്ങള്‍ കൂടി ജയിച്ചാല്‍ പാക്കിസ്ഥാന് സെമി സാധ്യതകള്‍ നിലനില്‍ക്കും.