ഇസ്‌ലാമാബാദ്: ഭീകരവാദത്തിനെതിരായ നീക്കങ്ങള്‍ രാജ്യവ്യാപകമായി ശക്തിപ്പെടുത്താന്‍ തീരുമാനിച്ച് പാകിസ്ഥാന്‍. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റിയുടെ 41ാമത് മീറ്റിങ്ങിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
പ്രധാനമന്ത്രിയെക്കൂടാതെ ക്യാബിനറ്റ് മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, രഹസ്യാന്വേഷണ, മിലിട്ടറി ഉദ്യോഗസ്ഥര്‍ എന്നിവര്‍ മീറ്റിങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തിന്റെ വിദേശ നയവും ദേശീയ സുരക്ഷയുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനങ്ങളെടുക്കുന്ന സമിതിയാണ് നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റി.
‘രാജ്യത്തെ ജനങ്ങളുടെ പിന്തുണയോടെ ഭീകരവാദത്തിനെതിരെ സമഗ്രമായ പോരാട്ടം നടത്താന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നു. ഈ നീക്കം ഭീകരവാദ ഭീഷണിയില്‍ നിന്ന് പാകിസ്ഥാനെ മോചിപ്പിച്ച്, രാജ്യത്തെ നവോന്മേഷമുള്ളതാക്കി മാറ്റും,’ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇതുസംബന്ധിച്ചുള്ള നയങ്ങള്‍ രൂപീകരിക്കാനും നടപടി ക്രമങ്ങള്‍ ഏകോപിപ്പിക്കാനും ഒരു ഉന്നതാധികാര സമിതിയെ രൂപീകരിക്കും.
ഭീകരവാദ സംഘടനകള്‍ രാജ്യത്തുയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റി ചര്‍ച്ച ചെയ്തു. ഭീകര സംഘടനയായ തെഹ്‌രീക് ഇ താലിബാനുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗൗരവതരമായ ചര്‍ച്ചകള്‍ നടന്നതായാണ് റിപ്പോര്‍ട്ട്.
അഫ്ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല ഭീകരസംഘടനകള്‍ക്കും പിന്തുണ ലഭിക്കുന്നുണ്ടെന്നും ഈ സംഘടനകള്‍ നിരന്തരമായ ശ്രമങ്ങളിലൂടെ രാജ്യം നേടിയെടുത്ത സമാധാനവും സ്ഥിരതയും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റി വിലയിരുത്തി.
രാഷ്ട്രീയവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുകയാണ് ഇപ്പോള്‍ പാകിസ്ഥാന്‍. രാജ്യത്ത് പണപ്പെരുപ്പം രൂക്ഷമാകുന്നതായാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിട്ട് കൊണ്ടിരിക്കുകയാണ്.
പഞ്ചാബ് പ്രവിശ്യയില്‍ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനായെത്തിയ ആളുകള്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
അവശ്യ സാധനങ്ങളുടെ വില രാജ്യത്ത് കുതിച്ചുയരുകയാണ്. ഉള്ളി, ഗോതമ്പ്, പഴം, മുട്ട എന്നിവയുടെ വിലയില്‍ വന്‍ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ വിലയും വര്‍ധിച്ചിട്ടുണ്ട്.
തെഹ്‌രീക് ഇ ഇന്‍സാഫ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടന്ന നിരവധി സംഘര്‍ഷങ്ങളും രാജ്യത്തെ അരക്ഷിതമാക്കിയിരുന്നു.
Content Highlights: pakistan decides to launch operation against terrorism