| Friday, 8th July 2022, 9:20 pm

'എന്റെ 90,000 രൂപയുടെ ആടിനെ കട്ടുകൊണ്ടോയി ഗയ്‌സ്'; പരാതിയുമായി പാക് താരം കമ്രാന്‍ അക്മല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ആരാധകര്‍ എന്നുമോര്‍ത്തിരിക്കുന്ന താരമാണ് പാകിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കമ്രാന്‍ അക്മല്‍. വിക്കറ്റിന് പുറകിലെ മാസ്മരിക പ്രകടനം കാരണമോ, ബാറ്റിങ്ങിലെ തകര്‍പ്പന്‍ പ്രകടനമോ കാരണമല്ല, മറിച്ച് ഇടയ്ക്കുള്ള താരത്തിന്റെ മോശം പ്രകടനമായിരുന്നു അദ്ദേഹത്തെ ട്രോളന്‍മാര്‍ക്ക് പ്രിയപ്പെട്ടവനാക്കിയത്.

ഇപ്പോഴിതാ, താരത്തിന്റെ വീട്ടില്‍ കള്ളന്‍ കയറിയ വാര്‍ത്തയാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്. വലിയ പെരുന്നാളിന് ബലി കൊടുക്കാന്‍ വാങ്ങിയ ആറ് ആടുകളില്‍ ഒന്നിനെയാണ് കള്ളന്‍ കട്ടുകൊണ്ടുപോയത്.

‘ഖുര്‍ബാനിയില്‍ നിന്നും ആറ് ആടുകളെയാണ് ഞങ്ങള്‍ വാങ്ങിയത്. അതിനെ വീടിന് പുറത്ത് കെട്ടിയിട്ടിരിക്കതുകയായിരുന്നു അവിടെ നിന്നുമാണ് കള്ളന്‍ അതിനെ മോഷ്ടിച്ചുകൊണ്ടുപോയത്,’ കമ്രാന്റെ കുടുംബം പറയുന്നു.

ആടുകളെ വാങ്ങിയതിന്റെ പിറ്റേന്നുതന്നെയാണ് മോഷണം നടന്നത്.

തങ്ങള്‍ വാങ്ങിയ ഏറ്റവും വിലപിടിപ്പുള്ള ആടിനെയാണ് മോഷ്ടിച്ചതെന്നും നഷ്ടപ്പെട്ട ആടിന് 90,000 രൂപ വിലയുണ്ടെന്നും കമ്രാന്‍ അക്മലിന്റെ പിതാവ് പറഞ്ഞു. വിലപിടിപ്പുള്ള ആ ഒറ്റ ആടിനെ മാത്രമാണ് കള്ളന്‍മാര്‍ മോഷ്ടിച്ചെതെന്നും ബാക്കിയുള്ള ആടുകള്‍ അവിടെ തന്നെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കള്ളന്‍മാര്‍ എന്റെ ഏറ്റവും നല്ല ആടിനെയാണ് കൊണ്ടുപോയത്, അതിന് 90,000 രൂപ വിലയുണ്ടായിരുന്നു,’ അക്മല്‍ ദി ന്യൂസ് ഇന്റര്‍നാഷണലിനോട് പറഞ്ഞു.

നഷ്ടപ്പെട്ട ആടിനെ എന്തുതന്നെയായാലും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് അക്മലും കുടുംബവും.

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും മാറ്റിനിര്‍ത്തിയതിന് ശേഷം താരം ആഭ്യന്തര ക്രിക്കറ്റിലായിരുന്നു സജീവമായത്. ക്രിക്കറ്റ് അനലിസ്റ്റ് എന്ന നിലയിലും ശ്രദ്ധയാര്‍ജിച്ച താരം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷവാര്‍ സാല്‍മിയുടെ താരമായിരുന്നു.

53 ടെസ്റ്റില്‍ പാകിസ്ഥാനെ പ്രതിനിധീകരിച്ച താരം ആറ് സെഞ്ച്വറുിയും 12 അര്‍ധസെഞ്ച്വറിയുമടക്കം 30.79 ശരാശരിയില്‍ 2648 റണ്‍സായിരുന്നു സ്വന്തമാക്കിയത്. 157 ഏകദിനത്തില്‍ നിന്നും അഞ്ച് സെഞ്ച്വറിയും 10 ഹാഫ് സെഞ്ച്വറിയുമടക്കം 3236 റണ്ണാണ് സ്വന്തമാക്കിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇനിയും വിരമിച്ചിട്ടില്ലാത്ത താരം പാക് ടീമിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രായം തന്നെയാണ് അക്മലിന്റെ പ്രധാന എതിരാളി. എണ്ണം പറഞ്ഞ വിക്കറ്റ് കീപ്പര്‍മാര്‍ ടീമിനൊപ്പമുള്ളപ്പോള്‍ അക്മലിന്റെ തിരിച്ചുവരവും അസാധ്യമാവും

Content highlight:  Pakistan cricketer Kamran Akmal’s goat stolen ahead of Eid al-Adha

Latest Stories

We use cookies to give you the best possible experience. Learn more