| Wednesday, 1st March 2023, 8:03 pm

ഐ.സി.സി എന്നത് 'ഇന്ത്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എന്നായി മാറി'; പാകിസ്ഥാന്‍ കളിയിലൂടെ മറുപടി പറയണം

സ്പോര്‍ട്സ് ഡെസ്‌ക്

ഇത്തവണത്തെ ഏഷ്യാകപ്പ് കളിമികവ് കൊണ്ട് ശ്രദ്ധിക്കപ്പെടുമോ എന്നറിയില്ലെങ്കിലും കളത്തിന് പുറത്തെ വിവാദങ്ങള്‍ കൊണ്ട് ഇപ്പോഴേ വാര്‍ത്തകളില്‍ ഇടം പിടിച്ച് കഴിഞ്ഞു. വാക്‌പോരില്‍ പതിവ് പോലെ ഇന്ത്യയും പാകിസ്ഥാനും തന്നെയാണ് മുന്നില്‍. ക്രിക്കറ്റെന്നത് ഇരുരാജ്യങ്ങള്‍ക്കും കേവലം കളി മാത്രമല്ലെന്നത് ഇതിനോടകം പലതവണ തെളിയിക്കപ്പെട്ടതാണ്.

അതിര്‍ത്തി കടന്ന് തന്നെയാണ് പുതിയ വിവാദവും വന്നിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളെയും ക്രിക്കറ്റ് ബോര്‍ഡിനെയും കളിയാക്കാനുള്ള ഒരവസരവും പാഴാക്കാത്ത പാകിസ്ഥാന്‍ മുന്‍താരം അബ്ദു റഹ്മാന്‍ തന്നെയാണ് പുതിയ വിവാദങ്ങള്‍ക്കും തുടക്കം കുറിച്ചത്.

പാകിസ്ഥാന് ഏഷ്യാകപ്പ് വേദി  അനുവദിച്ച ഐ.സി.സി തീരുമാനത്തെ ഇന്ത്യ ചോദ്യം ചെയ്തതാണ് താരത്തെ ചൊടിപ്പിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) യെ ഇന്ത്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എന്ന് വിശേഷിപ്പിച്ചതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണം. അബ്ദു റഹ്മാനുമായി നടത്തിയ പോഡ്കാസ്റ്റിനിടയില്‍ അവതാരകന്റെ പരാമര്‍ശത്തെയാണ് താരം സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചത്.

ഏഷ്യാകപ്പ് വേദിയായി പാകിസ്ഥാനെ തീരുമാനിച്ചാല്‍ ഇന്ത്യ മത്സരത്തില്‍ നിന്ന് പിന്മാറുമെന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് അബ്ദു റഹ്മാന്‍ വിമര്‍ശനം ഉന്നയിച്ചത്. ഐ.സി.സിയിലും എ.സി.സി(ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍) യിലും തലപ്പത്തിരിക്കുന്നവര്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ഐ.സി.സിയിലും എ.സി.സിയിലും ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ്. 70 ശതമാനത്തോളം ഫണ്ടും നല്‍കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡാണ്. ഏഷ്യാ കപ്പ് മാറ്റണമെന്ന് ഇന്ത്യ പറഞ്ഞാല്‍ എന്തായാലും നമ്മളത് ചെയ്യേണ്ടി വരും.

ദുബായിലേക്ക് മത്സരം മാറ്റിയാല്‍ പാകിസ്ഥാന്‍ ടീമിനെ അയക്കില്ലെന്ന വാശിയൊക്ക വെറുതെയാണ്. നമുക്ക് കളിച്ചേ പറ്റൂ. കളിയിലൂടെ നമ്മള്‍ മറുപടി പറയണം,’ അബ്ദു റഹ്മാന്‍ പറഞ്ഞു.

പാകിസ്ഥാനില്‍ നിന്ന് വേദി മാറ്റണമെന്ന ആവശ്യം തുടക്കം മുതല്‍ തന്നെ ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ഇത്തരമൊരു ആവശ്യം ഐ.സി.സിയുടെ മുന്നില്‍ വെച്ചത്.

ഇതിനെതിരെ ഇരു രാജ്യങ്ങളിലെയും മുന്‍ താരങ്ങളും ക്രിക്കറ്റ് ആരാധകരും തമ്മില്‍ സമൂഹമാധ്യമങ്ങളില്‍ വാദപ്രതിവാദങ്ങളും പതിവാണ്.

Content highlight: Pakistan cricketer comment on icc and acc

We use cookies to give you the best possible experience. Learn more