ഇന്ത്യയില്‍ പലര്‍ക്കും വിരാടിനെ ഇഷ്ടമല്ല, അതുകൊണ്ടാണ് അവളെ ലക്ഷ്യം വെക്കുന്നത്; പിന്തുണയുമായി പാക് താരം
Sports News
ഇന്ത്യയില്‍ പലര്‍ക്കും വിരാടിനെ ഇഷ്ടമല്ല, അതുകൊണ്ടാണ് അവളെ ലക്ഷ്യം വെക്കുന്നത്; പിന്തുണയുമായി പാക് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th December 2024, 6:53 pm

വിരാട് കോഹ്‌ലിയുടെ പങ്കാളി അനുഷ്‌ക ശര്‍മയ്‌ക്കെതിരായ ആക്ഷേപങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് പാക് സൂപ്പര്‍ താരം അഹമ്മദ് ഷഹസാദ്. ഇന്ത്യയില്‍ പലര്‍ക്കും വിരാട് കോഹ്‌ലിയെ ഇഷ്ടമല്ലെന്നും ഇക്കാരണത്താല്‍ അദ്ദേഹത്തിന്റെ കുടുംബത്തെയടക്കം ലക്ഷ്യം വെച്ചുകൊണ്ടാണ് ട്രോളുകളും അധിക്ഷേപങ്ങളും നടത്തുന്നത് എന്ന് പറയുകയാണ് ഷഹസാദ്.

നാദിര്‍ അലി പോഡ്കാസ്റ്റിലാണ് പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് ഷഹസാദ് ഇക്കാര്യം പറഞ്ഞത്.

 

‘അനുഷ്‌ക ശര്‍മ ഏറെ പ്രശസ്തയായ, ബഹുമാനിക്കപ്പെടുന്ന പേരുകളിലൊന്നാണ്. എന്തുകൊണ്ടാണ് ആളുകള്‍ അവര്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്ന് എനിക്കറിയില്ല. ഇന്ത്യയില്‍ ചിലര്‍ക്ക് വിരാട് കോഹ്‌ലിയുടെ വളര്‍ച്ച ഇഷ്ടപ്പെടുന്നില്ല. പലരും നെഗറ്റീവ് പ്രൊപ്പഗാണ്ട അദ്ദേഹത്തിനെതിരെ ഉയര്‍ത്തിക്കൊണ്ടുവരുന്നു. ഇതിനിടയിലേക്ക് ഇത്തരക്കാര്‍ വിരാടിന്റെ കുടുംബത്തെയും കൊണ്ടുവരുന്നു.’ അദ്ദേഹം പറഞ്ഞു.

ഇത്തരത്തക്കാര്‍ക്ക് ഒരു തരത്തിലുള്ള പ്രാധാന്യം നല്‍കരുതെന്നും ഷഹസാദ് ആവശ്യപ്പെട്ടു. ആരാധകര്‍ക്ക് താരങ്ങളെ വിമര്‍ശിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ അവരുടെ കുടുംബത്തെ അധിക്ഷേപിക്കാന്‍ ഒരു തരത്തിലുമുള്ള അധികാരവുമില്ലെന്നും ഷഹസാദ് കൂട്ടിച്ചേര്‍ത്തു.

‘തന്റെ കരിയറില്‍ അനുഷ്‌ക കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ച് വിരാട് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അവളുടെ വരവോടെ വിരാടിന്റെ ജീവിതം കുറച്ചുകൂടി മെച്ചപ്പെട്ടു. ഒരു താരം തന്റെ പങ്കാളിക്ക് ഇത്തരത്തില്‍ ക്രെഡിറ്റ് നല്‍കുന്നുണ്ടെങ്കില്‍, അവര്‍ അവരുടെ കരിയറില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന് തന്നെയാണ് അര്‍ത്ഥമാക്കുന്നത്,’ ഷഹസാദ് കൂട്ടിച്ചേര്‍ത്തു.

 

കളിക്കളത്തില്‍ വിരാടിന്റെ പ്രകടനം മോശമാകുമ്പോഴെല്ലാം തന്നെ ആരാധകര്‍ അനുഷ്‌കയെ ലക്ഷ്യം വെക്കുന്നത് പതിവാണ്. പലപ്പോഴും ഇവരുടെ അധിക്ഷേപങ്ങള്‍ അതിരുകടക്കാറുമുണ്ട്.

ആരാധകര്‍ മാത്രമല്ല, സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ള കമന്റേറ്റര്‍മാരും വിരാട് കോഹ്‌ലിയയുടെ മോശം ഫോമിന്റെ പേരില്‍ അനുഷ്‌കയെ ക്രൂശിച്ചിട്ടുണ്ട്. വിരാടിന്റെ കരിയറിലെ ഏറ്റവും മോശം ഫോമില്‍ തുടരവെ ഇതിന് കാരണം അനുഷ്‌കയാണെന്നടക്കം ഗവാസ്‌കര്‍ പരിഹസിച്ചിരുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് വിരാട് അനുഷ്‌കയുടെ പന്തുകളില്‍ മാത്രമാണ് പ്രാക്ടീസ് നടത്തിയത് എന്നതടക്കമുള്ള വഷളന്‍ പരാമര്‍ശങ്ങള്‍ ഗവാസ്‌കര്‍ നടത്തിയിരുന്നു.

(വിരാടിനെയും അനുഷ്‌കയെയും മാത്രമല്ല, ഐ.പി.എല്ലിനിടെ ഷിംറോണ്‍ ഹെറ്റ്‌മെയറിനെയും അദ്ദേഹത്തിന്റെ പങ്കാളിയെയും ഗവാസ്‌കര്‍ അധിക്ഷേപിച്ചിരുന്നു).

ഇത്തരത്തില്‍ അധിക്ഷേപങ്ങള്‍ക്ക് വിരാട് ബാറ്റുകൊണ്ട് മറുപടി നല്‍കാറുമുണ്ട്.

ആയിരത്തിലധികം ദിവസങ്ങള്‍ നീണ്ടുനിന്ന അന്താരാഷ്ട്ര സെഞ്ച്വറി വരള്‍ച്ചയ്ക്ക് ശേഷം 2022 സെപ്റ്റംബറില്‍ അഫ്ഗാനിസ്ഥാനെതിരെ കരിയറിലെ ആദ്യ ടി-20 സെഞ്ച്വറി നേടിയതിന് ശേഷം ബാറ്റുയര്‍ത്തിയോ ആകാശത്തേക്ക് ഉയര്‍ന്നുചാടിയോ ആഘോഷിക്കാതെ തന്റെ വിവാഹമാലയില്‍ ചുംബിച്ചാണ് സെഞ്ച്വറി നേട്ടം ആഘോഷിച്ചത്. ഈ സെഞ്ച്വറി അനുഷ്‌കയ്ക്കും മകള്‍ക്കും സമര്‍പ്പിക്കുന്നുവെന്നും അഭിപ്രായപ്പെട്ടിരുന്നു.

 

Content Highlight: Pakistan cricketer Ahmed Shehzad has slammed the trolls for targeting Virat Kohli and  Anushka Sharma