ഈ തോല്‍വിക്ക് ആരാണ് ഉത്തരവാദി, എന്താണ് സംഭവിച്ചതെന്നറിയാതെ പാക് ക്യാപ്റ്റന്‍; ബാബറിന്റെ സൂപ്പര്‍ ക്യാച്ചും ചര്‍ച്ചയില്‍
Sports News
ഈ തോല്‍വിക്ക് ആരാണ് ഉത്തരവാദി, എന്താണ് സംഭവിച്ചതെന്നറിയാതെ പാക് ക്യാപ്റ്റന്‍; ബാബറിന്റെ സൂപ്പര്‍ ക്യാച്ചും ചര്‍ച്ചയില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th October 2022, 10:54 pm

ട്വന്റി- 20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ സിംബാബ്‌വെക്കെതിരായ അപ്രതീക്ഷിത തോല്‍വിയില്‍ ഞെട്ടിയിരിക്കുകയാണ് പാകിസ്ഥാന്‍. അത്യന്തം ആവേശകരമായ മത്സരത്തില്‍ ഒരു റണ്‍സിനായിരുന്നു സിംബാബ്‌വെയുടെ വിജയം.

 

 

ഈ തോല്‍വിയുടെ ഉത്തരവാദികള്‍ ടീമിന്റെ ബാറ്റിങ്‌നിര നടത്തിയ മോശം പ്രകടനമാണെന്ന് പറയുകയാണ് പാക് ക്യാപ്റ്റന്‍ ബാബര്‍ അസം.

‘നിരാശാജനകമായ പ്രകടനം. ബാറ്റിങ് നിര മികച്ച പ്രകടനം നടത്തിയില്ല. ആദ്യ ആറ് ഓവറുകള്‍ മോശമായിരുന്നു. പിന്നീട് ഷദാബും ഷാനും ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തെങ്കിലും പന്നീട് ബാക്ക് ടു ബാക്ക് വിക്കറ്റുകള്‍ നഷ്ടമായി.

ഞങ്ങള്‍ ഒരുമിച്ചിരുന്ന് തെറ്റുകള്‍ പഠിക്കുകയും അടുത്ത മത്സരത്തില്‍ ശക്തമായി തിരിച്ചെത്തുകയും ചെയ്യും,’ ബാബര്‍ അസം മത്സര ശേഷം പറഞ്ഞു.

തോല്‍വിയുടെ ഞെട്ടലില്‍ മത്സര ശേഷം തലതാഴ്ത്തി മുഖത്ത് കൈവെച്ചുള്ള ബാബറിന്റെ ചിത്രവും ഇതിനിടയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തേഡ്മാന്‍ പൊസിഷനില്‍ നിന്ന് ഡൈവ് ചെയ്ത് മത്സരത്തില്‍ ബാബര്‍ എടുത്ത ക്യാച്ചും മറുവശത്ത് അഭിനന്ദിക്കപ്പെടുന്നുണ്ട്. ബാബര്‍ വിത്ത് ബ്യൂട്ടി എന്ന ക്യാപ്ഷനോടെയാണ് ഐ.സി.സി.ഐ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

അതേസമയം, 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സണാണ് സിംബാബ്‌വെ നേടിയത്. എന്നാല്‍ മറുപടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനെ സാധിച്ചുള്ളു. അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്ന പാകിസ്ഥാന് ഇന്നിങ്സ് ഒമ്പത് റണ്‍സില്‍ അവസാനിച്ചു.

വിജയത്തോടെ രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റുമായി സിംബാബ്‌വെ ഗ്രൂപ്പ് രണ്ടില്‍ മൂന്നാം സ്ഥാനത്തേക്കെത്തി. എന്നാല്‍ തോല്‍വിയോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ അനിശ്ചിതത്വത്തിലാണ്.