ലോകകപ്പിന് മുമ്പ് പാകിസ്ഥാന് കനത്ത തിരിച്ചടി; തലക്കേറ്റ പരിക്കിന് പിന്നാലെ പാക് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Cricket
ലോകകപ്പിന് മുമ്പ് പാകിസ്ഥാന് കനത്ത തിരിച്ചടി; തലക്കേറ്റ പരിക്കിന് പിന്നാലെ പാക് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st October 2022, 5:39 pm

ടി-20 ലോകകപ്പിലെ ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിന് മുമ്പ് പാകിസ്ഥാൻ സൂപ്പർതാരത്തെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാക് ബാറ്റർ ഷാൻ മസൂദിനാണ് വെള്ളിയാഴ്ച രാവിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് തലക്ക് പരിക്കേറ്റത്.

സഹതാരമായ മുഹമ്മദ് നവാസെറിഞ്ഞ പന്ത് അബദ്ധത്തിൽ ഷാൻ മസൂദിന്റെ തലയിൽ ചെന്ന് പതിക്കുകയായിരുന്നു. ബാറ്റിങ് പരശീലനത്തിനിടെയാണ് സംഭവം.

വേദന കൊണ്ട് പുളയുന്ന താരത്തിന് ഉടൻ തന്നെ വൈദ്യ സഹായം എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.

ഹെൽമറ്റ് ധരിക്കാതെയാണ് താരം ബാറ്റിങ് പരിശീലനം നടത്തിയത്. പന്ത് തലയിൽ കൊണ്ട് മിനിട്ടുകൾ പിന്നിട്ടിട്ടും വേദന നിലക്കാത്തതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ഷാൻ മസൂദിന് ഇന്ത്യക്കെതിരെയുള്ള മത്സരം നഷ്ടമാകും എന്നാണ് സൂചന. താരത്തിന് പകരം ഫഖർ സമാൻ പ്ലേയിങ്ങ് ഇലവനിൽ ഇടം പിടിച്ചേക്കുമെന്നും സൂചനയുണ്ട്.

ഇംഗ്ലണ്ടിനോട് ആറ് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയ ശേഷമാണ് പാകിസ്ഥാൻ മെൽബണിലെത്തിയത്.

ബാബർ അസമും മുഹമ്മദ് റിസ്‌വാനും ഇല്ലാതെ കളിച്ച പാകിസ്ഥാൻ ടീമിൽ ടോപ് സ്‌കോറർ മസൂദായിരുന്നു.

ആദ്യ ഓവറിൽ തന്നെ ഓപ്പണർ ഫിൽ സാൾട്ടിനെ നഷ്ടമായെങ്കിലും ഇംഗ്ലണ്ട് ചേസ് എളുപ്പമാക്കി. ബെൻ സ്റ്റോക്സ്, ലിയാം ലിവിങ്സ്റ്റൺ, ഹാരി ബ്രൂക്ക്, സാം കുറാൻ എന്നിവർ 12 സിക്സറുകൾ പറത്തി മത്സരത്തിന്റെ 15ാം ഓവറിൽ ടീമിനെ കരകയറ്റി.

ഇന്നിങ്‌സിന്റെ തുടക്കത്തിൽ ഷഹീൻ അഫ്രീദി മുന്നേറാൻ ശ്രമിച്ചിട്ടും സ്റ്റോക്സ് മുൻകയ്യെടുത്ത് 18 പന്തിൽ നിന്ന് 36 റൺസ് നേടുകയായിരുന്നു.

Content Highlights: Pakistan Cricket player got injured during practice at Melbourne cricket staudium and entered to the Hospital